തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകുന്നേരം നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു.
പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. ക്ഷണിതാക്കള്‍ക്ക് മാത്രമേ ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. സത്യപ്രതിജ്ഞയ്ക്കു ശേഷം ഗവര്‍ണര്‍ നല്‍കുന്ന ചായ സല്‍കാരത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങി. ഒരേ വേദിയില്‍ ഉണ്ടായിരുന്നെങ്കിലും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം അഭിവാദ്യം ചെയ്യുകയോ സംസാരിക്കുകയോ ചെയ്തില്ല.
പുതിയ മന്ത്രിമാര്‍ പങ്കെടുക്കുന്ന മന്ത്രിസഭായോഗം ജനുവരി മൂന്നിന് ചേരും. രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇടതു മുന്നണിയിലെ രണ്ട് ഘടക കക്ഷികള്‍ മന്ത്രി പദവി മറ്റ് രണ്ട് ഘടക കക്ഷികള്‍ക്ക് കൈമാറണമെന്ന് നേരത്തേ തന്നെ ധാരണയായിരുന്നു.
ഇതനുസരിച്ചാണ് മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവച്ചത്. മറ്റു മന്ത്രിമാരുടെ ചുമതലകള്‍ മാറുന്ന വിധം വകുപ്പു മാറ്റം വേണ്ടെന്നാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്. ഇതനുസരിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ മന്ത്രിസ്ഥാനം ആന്റണി രാജു ഒഴിയുമ്പോള്‍ ഗതാഗത വകുപ്പ് കേരള കോണ്‍ഗ്രസ്(ബി)യുടെ ഗണേഷ് കുമാറിന് ലഭിക്കും.
ഐഎന്‍എലിന്റെ മന്ത്രിസ്ഥാനമാണ് കോണ്‍ഗ്രസ്-എസിന് കൈമാറിയത്. തുറമുഖം, പുരാവസ്തു, മ്യൂസിയും വകുപ്പുകളാണ് ഐഎന്‍എല്‍ മന്ത്രിയായ അഹമ്മദ് ദേവര്‍കോവിലിന്റെ ചുമതലയിലുള്ളത്. ഇത് രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും ലഭിക്കും. വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല.