കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം. വൈകുന്നേരം നാലിന് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. ബസ് സര്‍വീസ് മാത്രമായിരിക്കും ഉണ്ടാവുക. തിക്കിലും തിരക്കിലും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിലും നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ്.
ഈ മാസം 31 ന് വൈകുന്നേരം നാലിന് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ ഒന്നും തന്നെ കടത്തിവിടില്ല. രാത്രി 12 ന് ശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്നു മടങ്ങാന്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കും.
രാത്രി ഏഴിന് ശേഷം റോ റോ സര്‍വീസും ഉണ്ടായിരിക്കില്ല. വൈകുന്നേരം നാല് വരെ വാഹനങ്ങള്‍ക്ക് വൈപ്പിനില്‍ നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്ക് റോ റോ സര്‍വീസ് വഴി വരാന്‍ സാധിക്കും. രാത്രി ഏഴോടെ സര്‍വീസ് പൂര്‍ണമായും നിര്‍ത്തും.
പരേഡ് ഗ്രൗണ്ടിലാണ് ഏറ്റവും പ്രധാനപ്പെട്ട ന്യൂ ഇയര്‍ ആഘോഷം നടക്കുന്നത്. പാപ്പാഞ്ഞിയെ കത്തിക്കുന്നിടത്ത് ബാരിക്കേഡ് അടക്കം വച്ച് ശക്തമായ നിയന്ത്രണമായിരിക്കും ഏര്‍പ്പെടുത്തുക. പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കും. കൂടുതല്‍ പൊലീസിനേയും വിന്യസിക്കും.