തിരുവനന്തപുരം: പഴ്സണല്‍ സ്റ്റാഫില്‍ നേരിട്ടുള്ള നിയമനം 15 ല്‍ ഒതുക്കണമെന്ന് എല്‍ഡിഎഫ് നിര്‍ദേശമുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ 22 പേരെയാണ് നേരിട്ട് നിയമിച്ചിരിക്കുന്നത്. എന്നാല്‍ മന്ത്രിമാരില്‍ മുന്നണി നിര്‍ദേശം പാലിച്ചത് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും മാത്രം. മുഖ്യമന്ത്രി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം 20 പേര്‍ക്ക് രാഷ്ട്രീയ നിയമനം നല്‍കിയ ചീഫ് വിപ്പ് എന്‍.ജയരാജാണ്.
മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫില്‍ പരമാവധി 30 പേരെ നിയമിക്കാനാണ് സര്‍ക്കാര്‍ ഉത്തരവെങ്കിലും 25 മതിയെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ 33 പേരുണ്ട്.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ആറ് പേരെയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചിരിക്കുന്നത്. കെ.കൃഷ്ണന്‍കുട്ടിക്ക് അഞ്ചും മുഖ്യമന്ത്രി പിണറായി വിജയനും എ.കെ. ശശീന്ദ്രനും നാല് വീതവും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ പഴ്‌സണല്‍ സ്റ്റാഫായുണ്ട്. എന്നാല്‍ ഇവര്‍ക്ക് പ്രത്യേക പെന്‍ഷന്‍ നല്‍കേണ്ടതില്ല.
മുഹമ്മദ് റിയാസ്, വി.ശിവന്‍കുട്ടി, കെ.രാജന്‍, കെ.കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, സജി ചെറിയാന്‍, ചീഫ് വിപ്പ് എന്‍.ജയരാജ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 25 പേരാണ് നിയമിച്ചപ്പോള്‍ മറ്റ് ക്യാബിനറ്റ് റാങ്കുകാര്‍ എണ്ണം കുറച്ചു.