വിലക്ക് ലംഘിച്ചു: വി.എം സുധീരനില്‍ നിന്നും ഹൈക്കമാന്‍ഡ് വിശദീകരണം തേടിയേക്കും

വിലക്ക് ലംഘിച്ചു:  വി.എം സുധീരനില്‍ നിന്നും ഹൈക്കമാന്‍ഡ് വിശദീകരണം തേടിയേക്കും

കൊച്ചി: കെപിസിസി, ഐഐസിസി നേതൃത്വങ്ങള്‍ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് വി.എം സുധീരനില്‍ നിന്നും ഹൈക്കമാന്‍ഡ് വിശദീകരണം തേടുമെന്ന് സൂചന. പരസ്യ പ്രസ്താവനകള്‍ പാടില്ലന്ന ഐഐസിസിയുടെ വിലക്ക് സുധീരന്‍ ലംഘിച്ചുവെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരെ കടുത്ത വിമര്‍ശനമാണ് വി.എം സുധീരന്‍ ഉന്നയിച്ചത്. സുധാകരനും സതീശനും ഏക പക്ഷീയമായി കാര്യങ്ങള്‍ തിരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണെന്നാണ് സുധീരന്റെ ആരോപണം.

സുധാകരനും സതീശനും ചുമതലയേറ്റെടുത്തപ്പോള്‍ പിന്തുണച്ചയാളാണ് താന്‍. ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്കും വ്യക്തിയധിഷ്ഠിതമായ സംഘടനാ ശൈലിക്കും ഒരു പരിധിവരെ മാറ്റം വരുമെന്ന പ്രതിക്ഷയിലാണ് താന്‍ ഇവരെ പി്ന്തുണച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇത് തന്നെയാണ് ആഗ്രഹിച്ചത്. എന്നാല്‍ തങ്ങളുടെ സ്വന്തം നിലപാടുകള്‍ തുടര്‍ന്ന് കൊണ്ടുപോവുകയായിരുന്നു സതീശനും സുധാകരനുമെന്നും വി.എം സുധീരന്‍ കുറ്റപ്പെടുത്തി.

അയോധ്യയില്‍ രാമ ക്ഷേത്രത്തിന്റെ പ്രതിഷ്്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന വി.എം സുധീരന്റെ പരസ്യമായ ആവശ്യവും ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഐഐസിസി ഇന്‍ ചാര്‍ജായി കെപിസിസി യോഗത്തില്‍ പങ്കെടുത്ത ദീപാ ദാസ് മുന്‍ഷി ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവന പാടില്ലന്ന് വിലക്കുകയും ചെയ്തിരുന്നു. എന്നിട്ടും സുധീരന്‍ വിമര്‍ശനങ്ങള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണം തേടാനുള്ള നീക്കം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.