കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ വിമര്‍ശനവുമായി യാക്കോബായ സഭ. മന്ത്രിയുടെ നിലപാടുകളോട് യോജിക്കുന്നില്ലെന്ന് മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കുകയെന്നത് സഭയുടെ ഉത്തരവാദിത്തമാണ്. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ഔദ്യോഗിക തലത്തില്‍ മാര്‍ഗങ്ങളുണ്ട്. സഭകളുടെ കൂട്ടായ്മ ഇക്കാര്യം നേര്‍ത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
വിരുന്നില്‍ പങ്കെടുത്ത രണ്ട് ബിഷപ്പുമാര്‍ മണിപ്പൂര്‍ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഏതെങ്കിലും വിരുന്നില്‍ പങ്കെടുത്തു എന്ന് കരുതി അലിഞ്ഞു പോകുന്നതല്ല സഭയുടെ നിലപാടുകളെന്നും കുര്യാക്കോസ് മാര്‍ തെയോഫിലോസ് പറഞ്ഞു.
ക്രൈസ്തവ മത മേലധ്യക്ഷന്‍മാര്‍ക്കെതിരായ സജി ചെറിയാന്റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടായി കണക്കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും അദേഹം വ്യക്തമാക്കി.
എന്നാല്‍ സജി ചെറിയാനെ ന്യായീകരിച്ച് മന്ത്രി അബ്ദുറഹ്മാന്‍ രംഗത്തെത്തി. പ്രശ്‌നം താല്‍ക്കാലികം മാത്രമാണ്. മണിപ്പൂരില്‍ നടന്നത് എല്ലാവര്‍ക്കും അറിയാം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കം. വിരുന്നില്‍ പങ്കെടുത്തവര്‍ ഇതൊക്കെ ശ്രദ്ധിക്കണമായിരുന്നുവെന്നാണ് സജി ചെറിയാന്‍ പറഞ്ഞതെന്നും അബ്ദുറഹ്മാന്‍ വിശദീകരിച്ചു
സജി ചെറിയാന്റെ പരാമര്‍ശം സംബന്ധിച്ച് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുവെന്നായിരുന്നു മന്ത്രി വി.എന്‍ വാസവന്റെ പ്രതികരണം. മണിപ്പൂരില്‍ കൂട്ടക്കൊല നടത്തിയിട്ട് തലോടിയിട്ട് എന്ത് കാര്യം. ബിജെപി ദേശീയ തലത്തില്‍ സ്വീകരിക്കുന്നത് ന്യൂനപക്ഷ വിരുദ്ധ നിലപാടാണെന്നും അദേഹം പറഞ്ഞു.