മുംബൈ: രണ്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കാത്ത ബാങ്ക് അക്കൗണ്ടുകളില്‍ ഇടപാട് നടന്നാല്‍ രഹസ്യാന്വേഷണം നടത്താന്‍ ആര്‍ബിഐയുടെ നിര്‍ദേശം. ഉടമകള്‍ അക്കൗണ്ടുകള്‍ വഴി ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ അത് ബാങ്കുകള്‍ നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം. ബാങ്ക് ശാഖയിലെ ഉന്നത ഉദ്യോഗസ്ഥരായിരിക്കണം നിരീക്ഷണം നടത്തേണ്ടത്. എന്നാല്‍ മറ്റ് ജീവനക്കാര്‍ അറിയാതെ വേണം അന്വേഷണം നടത്തേണ്ടതെന്നും ആര്‍ബിഐ അറിയിച്ചു.
രണ്ട് വര്‍ഷമോ അതില്‍ കൂടുതല്‍ കാലമോ ഇടപാടുകള്‍ നടത്താത്ത അക്കൗണ്ടുകളെ പ്രവര്‍ത്തന രഹിതമായാണ് കണക്കാക്കുന്നത്. അത്തരത്തിലുള്ള അക്കൗണ്ടുകള്‍ വഴി നിരവധി തട്ടിപ്പുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇത് തടയുകയാണ് ആര്‍ബിഐയുടെ പ്രധാന ലക്ഷ്യം. ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പുതുക്കിയ മാര്‍ഗ രേഖ ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ ബാങ്കുകളും പാലിക്കാനും നിര്‍ദേശം നല്‍കി.
ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമം ആക്കാനുള്ള അപേക്ഷ ലഭിച്ചാല്‍ മൂന്ന് പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ അത് പരിഗണിക്കണം. ആക്ടിവേറ്റ് ചെയ്യാത്ത പക്ഷം അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ അനുവദിക്കരുത്. അക്കൗണ്ടുകള്‍ ആക്ടിവേറ്റ് ആക്കി കഴിഞ്ഞാല്‍ കുറച്ച് കാലത്തേക്ക് ഇടപാടുകള്‍ പരിമിതപ്പെടുത്താമെന്നും ആര്‍ബിഐയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.