പണം എത്തിയത് ഇന്തോനേഷ്യയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും
കൊച്ചി: ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ കേരളത്തിലേക്ക് കടത്തിയ ഏകദേശം 300 കോടി രൂപയുടെ ഹവാല ഇടപാട് ആദായനികുതി വകുപ്പ് കണ്ടെത്തി. ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കൊച്ചി യൂണിറ്റ് മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇടപാട് കണ്ടെത്തിയത്.
ഇന്തോനേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ക്രിപ്‌റ്റോ കറന്‍സികളായി ഹവാല പണം സംസ്ഥാനത്തേക്ക് എത്തിച്ചിരുന്നത്. ഇങ്ങനെ എത്തുന്ന തുക പിന്നീട് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് പണമാക്കി മാറ്റുകയായിരുന്നു. ഹവാല ഇടപാടിനായി നൂറുകണക്കിന് സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍, അവരുടെ അറിവില്ലാതെ ദുരുപയോഗം ചെയ്തു എന്നും കണ്ടെത്തിയിട്ടുണ്ട്.
ഹവാല സംഘത്തിന് നേതൃത്വം നല്‍കുന്നത് മലപ്പുറം സ്വദേശികളായ മുഹമ്മദാലി മാളിയേക്കല്‍, റാഷിദ് എന്നിവരാണെന്ന് ഐ.ടി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്.
അതേസമയം സ്വന്തം ആവശ്യങ്ങള്‍ക്കല്ലാതെ കെ.വൈ.സി വിവരങ്ങള്‍ പൊതുജനങ്ങള്‍ മറ്റാര്‍ക്കും കൈമാറരുത് എന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കി.