തിരുവനന്തപുരം: പെന്‍ഷന്‍ വര്‍ധനവ് പ്രഖ്യാപിച്ചെങ്കിലും വിതരണം ചെയ്യാന്‍ പണമില്ലാതെ സര്‍ക്കാര്‍ നെട്ടോട്ടത്തില്‍. ഇതോടെ വിതരണം ചെയ്യുന്നതിനുള്ള പണം കണ്ടെത്തുന്നതിന് സര്‍ക്കാര്‍തലത്തില്‍ തീവ്ര നടപടികള്‍ തുടങ്ങി. സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമുള്ള മിച്ചധനം പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാരിന് നല്‍കാനാണ് ഒടുവിലത്തെ നിര്‍ദേശം. 2000 കോടി രൂപയാണ് അടിയന്തരമായി പിരിച്ചെടുക്കുന്നത്.
സംഘങ്ങളില്‍ നിന്ന് ഏത് വിധേനെയും പണം വാങ്ങിയെടുക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സഹകരണ ബാങ്കുകളുടെ ഭരണസമിതി തീരുമാനം ആയില്ലെങ്കിലും പണം കൈമാറാനാണ് ചില ഉദ്യോഗസ്ഥര്‍ സെക്രട്ടറിമാരോട് പറഞ്ഞിരിക്കുന്നത്. ഭരണസമിതി പിന്നീട് തീരുമാനിച്ച് അംഗീകരിച്ചാല്‍ മതിയെന്നാണ് നിലപാട്.
പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നുമാത്രമല്ല ഏത് സഹകരണ സംഘത്തില്‍ നിന്നും പണം വാങ്ങാനും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. മാത്രമല്ല കൂടുതല്‍ പണം നല്‍കുന്ന ജില്ലയ്ക്ക് പുരസ്‌കാരം നല്‍കാമെന്നാണ് രജിസ്ട്രാര്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നല്‍കിയിരിക്കുന്ന മികച്ച ഓഫര്‍.
കൂടാതെ സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും കൈയില്‍ പണമില്ലെങ്കില്‍ വായ്പ ഓഫറുമായി കേരളാ ബാങ്കിനെ തയ്യാറാക്കി നിര്‍ത്തിയിട്ടും ഉണ്ട്.
പ്രാഥമിക സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും വായ്പയല്ലാത്ത മറ്റാവശ്യങ്ങള്‍ക്കായി കരുതിവെയ്‌ക്കേണ്ട പണം സൂക്ഷിക്കേണ്ടത് കേരള ബാങ്കിലാണ്. പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിന് പണം നല്‍കാന്‍ ഈ നിക്ഷേപം ഈടുവെച്ച് കേരളാബാങ്ക് വായ്പ നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
നിക്ഷേപം ഈടുവെച്ച് കേരളാബാങ്ക് നല്‍കുന്ന വായ്പയ്ക്ക് 7.85 ശതമാനമാണ് പലിശ ഈടാക്കുക. ഇത് പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തില്‍ നല്‍കിയാല്‍ ഒന്‍പത് ശതമാനം പലിശ ലഭിക്കും. ഇതിലൂടെ 1.15 ശതമാനം ലാഭമുണ്ടാകുമെന്നാണ് രജിസ്ട്രാറുടെ കണക്കുകൂട്ടല്‍.