'മോഡിയുടെ ഗ്യാരന്റി' എന്ന വാക്ക് ആവര്‍ത്തിച്ച് പ്രസംഗം; കേരളത്തിലെ എന്റെ അമ്മമാരെ സഹോദരിമാരെ വിളിയുമായി തൃശൂരില്‍ പ്രധാനമന്ത്രി

'മോഡിയുടെ ഗ്യാരന്റി' എന്ന വാക്ക് ആവര്‍ത്തിച്ച് പ്രസംഗം; കേരളത്തിലെ എന്റെ അമ്മമാരെ സഹോദരിമാരെ വിളിയുമായി തൃശൂരില്‍ പ്രധാനമന്ത്രി

തൃശൂര്‍: മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ''കേരളത്തിലെ എന്റെ അമ്മമാരെ സഹോദരിമാരെ'' എന്ന വാക്കുകളോടെയാണ് തൃശൂരിലെത്തിയ നരേന്ദ്ര മോഡി പ്രസംഗം ആരംഭിച്ചത്. നാടിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ശ്രദ്ധേയരായ വനിതകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. കൂടാതെ ഗായിക നാഞ്ചിയമ്മ, പി.ടി ഉഷ, അഞ്ജു ബോബി ജോര്‍ജ് തുടങ്ങി രാജ്യത്തിന് മുന്നില്‍ കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ വനിതകളേയും പ്രകീര്‍ത്തിച്ചു.

നാടിന്റെ പുത്രിമാര്‍ എന്നാണ് ഇവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. തുടര്‍ന്ന് എന്‍.എസ്.എസ് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന് ശ്രദ്ധാജ്ഞലി ആര്‍പ്പിച്ച മോഡി വടക്കുംനാഥ ക്ഷേത്രത്തെ കുറിച്ചും തൃശൂര്‍ പൂരത്തെ കുറിച്ചും പ്രത്യേകം പരാമര്‍ശിച്ചു.

സ്വാതന്ത്ര്യത്തിന് ശേഷം ഇടത് വലത് സര്‍ക്കാരുകള്‍ സ്ത്രീശക്തിയെ ദുര്‍ബലമായി കണ്ടുവന്നും മോഡി ആരോപിച്ചു. സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട സംവരണം പോലും അവര്‍ മറച്ചുവച്ചു. എന്നാല്‍ തന്റെ സര്‍ക്കാര്‍ നാരീ സംവരണം യാഥാര്‍ത്ഥ്യമാക്കിയെന്നും മുത്തലാഖ് പോലുള്ള സമ്പ്രദായങ്ങള്‍ നിര്‍ത്തലാക്കി രാജ്യത്തെ സ്ത്രീകളുടെ അഭിമാനം സംരക്ഷിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൂടാതെ മോഡിയുടെ ഗ്യാരന്റി എന്ന വാക്ക് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടായിരുന്നു അദേഹത്തിന്റെ തുടര്‍ന്നുള്ള സംസാരം. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളായ ഉജ്ജ്വല യോജന, ശൗചാലയം പദ്ധതികള്‍, മുദ്രാ വായ്പ, പ്രസവാവധി, സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ അഡ്മിഷന്‍ തുടങ്ങിയവ ഊന്നി പറഞ്ഞുകൊണ്ട് മോഡിയുടെ ഗ്യാരന്റി എന്ന വാക്ക് ഇടയ്ക്കിടയ്ക്ക് അദേഹം ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.