'ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കള്ളക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കുമറിയാം': സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മോഡി

'ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ്  സ്വര്‍ണക്കള്ളക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കുമറിയാം': സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മോഡി

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇവിടെ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന് അദേഹം പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അക്കാര്യം ആരുടെ മുന്നിലും ഒളിച്ചുവയ്‌ക്കേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണത്തിന്റെ കണക്കുപോലും ചോദിക്കാന്‍ പാടില്ലെന്നതാണ് നയം. കണക്ക് ചോദിച്ചാല്‍ കേന്ദ്ര പദ്ധതികള്‍ക്ക് തടസം സൃഷ്ടിക്കുമെന്ന് മോഡി പറഞ്ഞു.

തൃശൂരില്‍ സംഘടിപ്പിച്ച 'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഭാരതത്തിന് ഏറ്റവും വലിയ ഗ്യാരന്റി സ്ത്രീ ശക്തിയാണ്. എന്‍ഡിഎ സര്‍ക്കാരിന് നാല് ജാതികളാണ് പ്രധാനം. ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്തീകള്‍ എന്നിങ്ങനെയുള്ള നാല് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ്.

അവരുടെ വികസനം സാധ്യമാകുമ്പോള്‍ മാത്രമാണ് ഈ നാടിന്റെ വികസനം സാധ്യമാകുക. അതുകൊണ്ട് ഈ നാല് ജാതിയിലുള്ളവര്‍ക്ക് ഈ സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാന്‍ പ്രയത്നിക്കുന്നതായും മോഡി വ്യക്തമാക്കി.

ഇടത്, കോണ്‍ഗ്രസ് കാലത്ത് ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നില്ല. കോണ്‍ഗ്രസ്-ഇടതുപക്ഷ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമായിരുന്നില്ല. അവിടെ നിന്നാണ് മോഡിയുടെ ഉറപ്പ് അവര്‍ക്ക് ലഭിക്കുന്നത്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹത്തോടെയാണ് ഈ ഉറപ്പുകള്‍ പാലിക്കാന്‍ തനിക്ക് സാധിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.