തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ രാഷ്ട്രീയ അവഹേളനപരമായ പോസ്റ്റിട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കിരണ്‍.എസ്. ദേവിനെതിരെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ രാഷ്ട്രീയമായ അഭിപ്രായ പ്രകടനങ്ങള്‍ പൊതുജന മധ്യത്തില്‍ നടത്താന്‍ പാടില്ലെന്ന നിയമം ലംഘിച്ച പൊലീസുകാരനെതിരെ അടിയന്തര നിയമ നടപടിയും അച്ചടക്ക നടപടിയും സ്വീകരിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം സീനിയര്‍ ഓഫീസറായി ജോലി ചെയ്ത് വരുന്ന ഉദ്യോഗസ്ഥനാണ് ഇദേഹം. വ്യാജവും അപകീര്‍ത്തികരവുമായ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അസോസിയേഷന്‍ വാട്സ്ആപ്പ് ഗ്രൂപ്പ് അക്കൗണ്ട് വഴി പ്രചരിപ്പിക്കുന്നതായാണ് പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിക്കുന്നത്. പൊലീസ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു കിരണ്‍.എസ്. ദേവ്.