ഇനി പൂരം കൊല്ലത്ത്; 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇനി പൂരം കൊല്ലത്ത്; 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ.എന്‍ ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, ഗണേശ് കുമാര്‍, കെ. രാജന്‍, എന്നിവരും കൊടിക്കുന്നില്‍ സുരേഷ് എംപി, മുകേഷ് എംഎല്‍എ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. നടി നിഖിലാ വിമല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

മത്സരത്തില്‍ പങ്കെടുക്കലാണ് ഏറ്റവും പ്രധാനമെന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഓര്‍ക്കണം. ഇത് കൗമാര മനസുകളുടെ ഉത്സവമാണ്. അതിനാല്‍ അനാരോഗ്യകരമായ മത്സരബോധം കൊണ്ട് ആ മനസുകളെ കലുഷിതമാക്കരുത്. കുട്ടികളുടെ കലാമത്സരമായി തന്നെ രക്ഷിതാക്കള്‍ ഇതിനെ കാണണമെന്നും മുഖ്യന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. ഇന്ന് പിന്നിലായവരാകും നാളെ മുന്നിലെത്തുന്നത്.

ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാരോത്സവമായി നമ്മുടെ സംസ്ഥാന കലോത്സവം മാറിയിരിക്കുകയാണ്. കല പോയിന്റുകള്‍ നേടാനുള്ള ഉപാധി മാത്രമായി കുട്ടികള്‍ കാണരുത്. ആ രീതി കുഞ്ഞുങ്ങള്‍ ഒഴിവാക്കണം. കലാവാസനയുള്ള കുഞ്ഞുങ്ങള്‍ക്ക് പരിരക്ഷയും കലാപോഷണത്തിലൂടെയുള്ള വ്യക്തിത്വ വികസനവും സൃഷ്ടിക്കുക എന്നതാണ് ഓരോ ചുവടുവയ്പ്പിലൂടെയും നമ്മള്‍ ലക്ഷ്യമാക്കേണ്ടത്. ഈ ലക്ഷ്യത്തിലേയ്ക്ക് നയിക്കുന്നതാവണം കലോത്സവങ്ങള്‍.

ഒരു കാര്യം കൂടി നിങ്ങളോടെനിക്ക് പറയാനുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരികളില്‍ കുഞ്ഞുങ്ങള്‍ അകപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനും അതിന്റെ പിടിയില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനുമുള്ള ഒരു ഉപാധി കൂടിയായി കലയെ കാണണം. ഇത് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ നിങ്ങളെ സഹായിക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിച്ചു.

മഹാകവി വൈലോപ്പിള്ളി പറഞ്ഞ ഒരു കാര്യമുണ്ട്. മയൂര സന്ദേശകന്റെ മയില്‍ സന്ദേശവുമായി പോയത് ആശ്രാമം മൈതാനം വഴിയാണ്. ആ മയിലിന്റെ പീലി വീണ സ്ഥലമായതിനാലാണ് ഇവിടെ ഏത് സംരംഭവും വന്‍ വിജയമാകും എന്ന് അദേഹം പറഞ്ഞതെന്ന കാര്യം ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കണം. ഇവിടുന്ന് വിളിപ്പാടകലെയുള്ള ചവറ തട്ടാശേരിയിലാണ് കേരളത്തിന്റെ ജനകീയ നാടക സംസ്‌കാരത്തെ പുരോഗമനപരമായി മാറ്റിമറിച്ച 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം അരങ്ങേറിയത്.

കൂടാതെ കഥകളിയുടെ ആദ്യ അരങ്ങൊരുങ്ങിയതും കൊല്ലത്താണ്. അധിനിവേശ വിരുദ്ധ സമരങ്ങളില്‍ കൊല്ലം നല്‍കിയ സംഭാവനയും എടുത്ത് പറയേണ്ടതാണ്. അടുത്ത വര്‍ഷം മുതല്‍ ഗോത്ര കലകളെയും മത്സരയിനമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വേദിയില്‍ നൃത്തം അവതരിപ്പിച്ച നടി ആശാ ശരത്തിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഇനി അഞ്ച് നാള്‍ കൊല്ലം നഗരം പതിനാലായിരത്തോളം കലാപ്രതിഭകളുടെ സംഗമ കേന്ദ്രമാകും. മത്സരാര്‍ഥികളും എസ്‌കോര്‍ട്ടിങ് അധ്യാപകരും രക്ഷിതാക്കളുമടക്കം ഇരുപതിനായിരത്തില്‍ അധികം പേര്‍ എട്ട് വരെ കൊല്ലത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി നേരത്തേ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജില്ലകളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കാണികളെയും പ്രതീക്ഷിക്കുന്നുണ്ട്. മറ്റ് ജില്ലകളില്‍ നിന്നെത്തുന്നവര്‍ക്ക് വേണ്ടിയുള്ള മുറികള്‍ സജ്ജമാക്കിക്കഴിഞ്ഞു. അവരെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും ഹെല്‍പ്പ് ഡെസ്‌കുകളും ക്രമീകരിച്ചിട്ടുണ്ട്.

കുടിവെള്ളം, ആതുരസേവന സൗകര്യം എന്നിവ ഓരോ വേദികളിലും ഏര്‍പ്പാടാക്കി. സ്വകാര്യ ആശുപത്രികളുടെ കൂടി സഹായത്തോടെയാണ് മെഡിക്കല്‍ ടീമിന്റെ സേവനം. ആംബുലന്‍സ് സേവനവും വേദികളില്‍ ഉണ്ടാകും. എല്ലാ വേദികളിലും കുടിവെള്ളവും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീമിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോര്‍പ്പറേഷന്‍ ജീവനക്കാരും ഉണ്ടാകും.
പൊലീസ് ഹെല്‍പ്പ്ലൈന്‍

പരാതികള്‍ അറിയിക്കാന്‍ പൊലീസ് പ്രത്യേകം കണ്‍ട്രോള്‍ റൂം അരംഭിച്ചിട്ടുണ്ട്. 112, 9497930804 എന്നിവയാണ് വിളിക്കേണ്ട നമ്പര്‍. എല്ലാ വേദികളിലും നിരീക്ഷണ ക്യാമറയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.