മോഡി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിക്കാന്‍ ശ്രമം: തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് - ബിജെപി സംഘര്‍ഷം

മോഡി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളം തളിക്കാന്‍ ശ്രമം: തൃശൂരില്‍  യൂത്ത് കോണ്‍ഗ്രസ് - ബിജെപി സംഘര്‍ഷം

തൃശൂര്‍: തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിച്ച വേദിയില്‍ ചാണക വെള്ളം തളിച്ച് പ്രതിഷേധിക്കാന്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി.

നരേന്ദ്ര മോഡി സംസാരിച്ച വടക്കുന്നാഥ ക്ഷേത്രത്തിലെ മൈതാനത്തിലെ ആല്‍ മരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റിയെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

പ്രധാനമന്ത്രി പ്രസംഗിച്ച വേദി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകം തളിച്ച് ശുദ്ധികരിക്കുമെന്ന പ്രചാരണവും ഉണ്ടായതോടെ ബിജെപി പ്രവര്‍ത്തകരും കൂട്ടമായി സ്ഥലത്തെത്തി. ഒരുതരത്തിലും മോഡി പ്രസംഗിച്ച വേദിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി പ്രവര്‍ത്തകരും അറിയിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളും അസഭ്യ വര്‍ഷവുമുണ്ടായി. ഇതോടെ സംഭവ സ്ഥലത്തേക്ക് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെത്തി പ്രവര്‍ത്തകരെ പിടിച്ചു മാറ്റി. യൂത്ത് കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ക്ക് നടുവിലായി ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചതോടെ നിലവില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.