പത്തനംതിട്ട: നിലയ്ക്കല്‍ ഭദ്രാസനാധിപനെതിരെ മോശം പരാമര്‍ശം നടത്തിയ ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനുമേല്‍ സമ്മര്‍ദ്ദമേറി.
മാത്യൂസ് വാഴക്കുന്നത്തിനെതിരെ കൃത്യമായ നടപടിയെടുത്തില്ലെങ്കില്‍ സഭയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഭൂരിഭാഗം സഭാസ്ഥാനീയരും കതോലിക്കാ ബാവായെ നിലപാട് അറിയിച്ചതായാണ് വിവരം.
എന്നാല്‍ സഭാധ്യക്ഷനെ നേരിട്ട് കണ്ട് നടപടി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഫാ. മാത്യൂസ് വാഴക്കുന്നം. കാതോലിക്കാ ബാവയുടെ കല്‍പന പോലും കാറ്റില്‍ പറത്തിയുള്ള ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ മോശം പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധമാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്കുളളിലുളളത്.
തന്റെ കല്‍പനക്ക് വിധേയനാക്കേണ്ട വൈദികനില്‍ നിന്ന് ഒരു ഭദ്രാസനാധിപനും ഇതുവരെ കേള്‍ക്കാത്ത പരാമര്‍ശമാണ് നിലയ്ക്കല്‍ ബിഷപ്പ് ജോഷ്വാ മാര്‍ നിക്കദേമോസ് കേട്ടത്.
ഫാ. ഷൈജു കുര്യന്റെ ബിജെപി പ്രവേശനത്തോടെ വൈദികര്‍ക്ക് ഇടയില്‍ രാഷ്ട്രീയമായ ചേരിതിരിവ് രൂക്ഷമാണ്. ഇത് നിയന്ത്രിക്കാന്‍ ഇറങ്ങുന്ന ബിഷപ്പുമാര്‍ക്ക് നിക്കദേമോസിനെ പോലെ അസഭ്യം കേള്‍ക്കേണ്ടി വന്നാല്‍ സഭയുടെ അച്ചടക്കവും കെട്ടുറപ്പും തകരും.
അതിനാല്‍, ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ എത്രയും വേഗം കര്‍ശന നടപടി എടുക്കണം എന്ന് ഭൂരിഭാഗം ഭദ്രസനാധിപന്‍മാരും സഭാധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.