കൊച്ചി; മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയ്ക്ക് മുന്‍കൂര്‍ ജാമ്യം. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ്ഐആര്‍ പരിഷ്‌കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.
പൊലീസ് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ നിലവില്‍ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഇന്ന് നിലപാടറിയിക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുരേഷ് ഗോപി ആരോപിക്കുന്നത്. കേസില്‍ കോഴിക്കോട് നടക്കാവ് പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഒക്ടോബര്‍ 27ന് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതാണ് കേസിനാധാരം. സംഭവത്തില്‍ നവംബറില്‍ സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു.