കൊച്ചി: ഉല്ലാസ യാത്രയ്ക്കിടെ ഫ്‌ളോറിഡയില്‍ ചെറുവിമാനം തകര്‍ന്നു വീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പിറവം പാമ്പാക്കുട സ്വദേശിയായ ഫിസിയോ തെറപ്പിസ്റ്റ് ജോസഫ് ഐസക് (42) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 17നു മക്കളായ ജോസ്ലിനും ജയ്‌സണും ഒപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
ഗുരുതരമായി പൊള്ളലേറ്റ ജോസഫ് ചികിത്സയിലായിരുന്നു. ജോസഫിന്റെ അയല്‍വാസിയായ അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നാല് പേര്‍ക്കു സഞ്ചരിക്കാന്‍ കഴിയുന്ന വിമാനം പൊലീസ് ഉദ്യോഗസ്ഥനാണ് നിയന്ത്രിച്ചിരുന്നത്. വീടിനു സമീപത്തുള്ള മൈതാനത്തു നിന്നു പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിന്റെ പ്രവര്‍ത്തനം നിലച്ച് താഴെ വീഴുകയായിരുന്നു.
തുടര്‍ന്ന് തീ പിടിച്ചതോടെ ജോസഫിനും മക്കള്‍ക്കും സാരമായി പൊള്ളലേറ്റു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടാണു ജോസഫ് മരണമടഞ്ഞത്. ജോസഫ് കുടുംബ സമേതം 2006 മുതല്‍ ഫ്‌ളോറിഡയിലാണു താമസം. മക്കള്‍ കഴിഞ്ഞ ദിവസം വീട്ടിലേക്കു മടങ്ങിയിരുന്നു.