ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; രാവിലെ 11 ന് ഗവര്‍ണര്‍ തൊടുപുഴയിലെത്തും: നഗരം പൊലീസ് വലയത്തില്‍

ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; രാവിലെ 11 ന് ഗവര്‍ണര്‍ തൊടുപുഴയിലെത്തും: നഗരം പൊലീസ് വലയത്തില്‍

ഗവര്‍ണര്‍ക്ക് ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് സിപിഎം. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി മാറ്റിവയ്ക്കില്ലെന്ന് വ്യാപാരികള്‍. ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബിജെപിയും വ്യാപാരികള്‍ക്ക് സംരക്ഷണമൊരുക്കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസും രംഗത്തുണ്ട്.

തൊടുപുഴ: ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന്റെ പുതിയ യുദ്ധമുഖമായി ഇടുക്കി. എല്‍ഡിഎഫ് ഹര്‍ത്താലിനും പ്രതിഷേധങ്ങള്‍ക്കുമിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് രാവിലെ 11 ന് തൊടുപുഴയിലെത്തും. വ്യാപാരി വ്യവസായി ഏകോപന സമിതുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തുന്നത്.

പ്രതിഷേധവും സംഘര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്ത് തൊടുപുഴയിലും പരിസരങ്ങളിലും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

അതേസമയം ഇടുക്കിയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. നിരത്തില്‍ വാഹനങ്ങളും കുറവാണ്. 1960 ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നല്‍കാന്‍ ഗവര്‍ണര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ച് ഇന്ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.

ഗവര്‍ണര്‍ക്ക് ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നാണ് സിപിഎം മുന്നറിയിപ്പ്. എല്‍ഡിഎഫിന്റെ പ്രതിഷേധ ദിവസം തന്നെ തൊടുപുഴയിലെത്തുന്നതിലൂടെ ഗവര്‍ണര്‍ ഇടുക്കിയിലെ ജനങ്ങളെ അവഹേളിക്കുകയാണെന്നും കനത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിപിഎം വ്യക്തമാക്കി.

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി മാറ്റിവയ്ക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കള്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബിജെപിയും പരിപാടിയില്‍ പങ്കെടുക്കുന്ന വ്യാപാരികള്‍ക്ക് സംരക്ഷണമൊരുക്കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്കുള്ള കര്‍ഷക മാര്‍ച്ചും ഇന്ന് രാവിലെ നടക്കും.10,000 കര്‍ഷകരെ അണിനിരത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് കണ്‍വീനര്‍, ഘടക കക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.