'പേരുവെളിപ്പെടുത്താന്‍ തയ്യാറല്ല, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനം': കര്‍ഷകന്റെ കുടുംബത്തിന് സഹായവുമായി മുംബൈ മലയാളി

'പേരുവെളിപ്പെടുത്താന്‍ തയ്യാറല്ല, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനം': കര്‍ഷകന്റെ കുടുംബത്തിന് സഹായവുമായി മുംബൈ മലയാളി

ആലപ്പുഴ: ജീവനൊടുക്കിയ കര്‍ഷകന്റെ കുടുംബത്തിന് സഹായവുമായി മുംബൈ മലയാളി. ബാങ്കിലെ കുടിശിക അടയ്ക്കാനുള്ള പണം അദേഹം കുടുംബത്തിന് കൈമാറി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമാണെന്ന് കരുതിയാല്‍ മതിയെന്നായിരുന്നു പണം നല്‍കിയ ആള്‍ വ്യക്തമാക്കിയത്. എന്നാല്‍ പേരുവെളിപ്പെടുത്താന്‍ അദേഹം തയ്യാറായിട്ടില്ല. കുടുംബത്തിന്റെ ദുവരസ്ഥ അറിഞ്ഞ് ഇന്ന് രാവിലെയാണ് 17,600 രൂപ കൈമാറിയത്.

അതേസമയം വായ്പ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകന്‍ തകഴി കുന്നുമ്മ കാട്ടില്‍പറമ്പില്‍ കെ.ജി പ്രസാദിന്റെ വീടും അഞ്ച് സെന്റ് വസ്തുവും ജപ്തി ചെയ്യാനുള്ള നടപടി നിര്‍ത്തിവയ്ക്കാന്‍ പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് ഉത്തരവിട്ടു. പരമാവധി ഇളവ് നല്‍കി വായ്പ തീര്‍പ്പാക്കാനും കുടുംബത്തോട് സംസാരിക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ മാനേജര്‍ എം.കെ. ബോസും സംഘവും വീട്ടിലെത്തി. ജപ്തി ഒഴിവാക്കുന്നതിനുള്ള അപേക്ഷ എഴുതി വാങ്ങി.

പ്രസാദിന്റെ ഭാര്യ ഓമന 2022 ഓഗസ്റ്റ് 27 ന് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്നെടുത്ത സ്വയം തൊഴില്‍ വായ്പയില്‍ 17,600 രൂപ കുടിശികയായതിനെ തുടര്‍ന്നാണ് ജപ്തി നോട്ടീസ് അയച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.