'റാഫേൽ' മുറിവുണക്കുന്നവൻ; സഭയ്ക്ക് കിട്ടിയിരിക്കുന്നത് കാലഘട്ടത്തിന് യോ​ജിച്ച പിതാവിനെ: മാർ ജോസഫ് പാംപ്ലാനി

'റാഫേൽ' മുറിവുണക്കുന്നവൻ; സഭയ്ക്ക് കിട്ടിയിരിക്കുന്നത് കാലഘട്ടത്തിന് യോ​ജിച്ച പിതാവിനെ: മാർ ജോസഫ് പാംപ്ലാനി

കൊച്ചി: ഈ കാലഘട്ടത്തിലെ സഭയ്ക്ക് വേണ്ടത് മുറിവുണക്കുന്ന പിതാവിനെയായതിനാലാണ് മേജർ ആർച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ നിയോ​ഗിച്ചതെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പും സീറോ മലബാർ സിനഡിന്റെ സെക്രട്ടറിയും മീഡിയ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് പാംപ്ലാനി. മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ നടത്തിയ വചന സന്ദേശത്തിനിടെയാണ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. തട്ടിൽ പിതാവ് ഭാ​ഗ്യവാനാണ്. മരുഭൂമി യാത്ര കഴിഞ്ഞു. ഇനി ജോർദാൻ നദി മാത്രം കടന്നാൽ മതി. കാനാൻ ദേശം കണ്ണെത്തുന്ന, കൈ എത്തുന്ന ദൂരത്തുണ്ടെന്ന ധൈര്യത്താൽ മുന്നോട്ടു പോകാം.

തിരുസഭയുടെ ഏത് കാലഘട്ടത്തിലാണ് പ്രശ്നങ്ങളില്ലാതിരുന്നിട്ടുള്ളത്? സഭയെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചിട്ടുള്ളത് ഏത് സമയത്താണ്? ചരിത്രത്തിന്റെ 21 നൂറ്റാണ്ടുകളിലും തിരുസഭ മുന്നേറിയത് കനൽ വിരിച്ച പാതകളിലൂടെയാണ്. പരിത്യക്തതകളിലൂടെയും വേദനകളിലൂടെയും മാത്രമേ സഭയ്ക്ക് വളരാൻ സാധിക്കൂവെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

റാഫേൽ എന്ന വാക്കിന്റെ ഹീബ്രു ഭാഷയിലുള്ള അർത്ഥം മുറിവുണക്കുന്നവൻ, സുഖപ്പെടുത്തുന്നവൻ എന്നാണ്. അവിടെയാണ് പരിശുദ്ധാരൂപിയുടെ പ്രവൃത്തി. ഈ കാലഘട്ടത്തിലെ സഭയ്ക്ക് വേണ്ടത് മുറിവുണക്കുന്ന ഒരു പിതാവിനെയാണ്. അതിനാൽ റഫേൽ എന്ന പേരുകാരനല്ലാതെ മറ്റൊരാൾക്കും ഈ കാലഘട്ടത്തിൽ മേജർ ആർച്ച് ബിഷപ്പകാൻ സാധിക്കില്ല എന്നതാണ് സത്യം. പിതാവ് തട്ടിൽ പിതാവാണ്. ഇനി മുതൽ സഭ ഒരു തട്ടിലാണെന്ന് ഒരു ആശംസ സന്ദേശത്തിൽ കണ്ടു. അത് ഞങ്ങളുടെ സ്വപ്നമാണ്, ആ​ഗ്രഹമാണ്. ദൈവം കൂടെയുള്ളപ്പോൾ അസാധ്യമായത് ഒന്നുമില്ലെന്ന് പിതാവ് ഓർക്കണമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

ഒരിക്കലും ഇളകാത്ത വിശ്വാസമാണ് പിതാവിന്റെ പ്രത്യേകത. അതാണ് പിതാവിൽ ഞങ്ങൾക്കുള്ള വിശ്വാസത്തിന്റെ കാരണം. ഹൃദയം കൊണ്ട് സംസാരിക്കുന്ന വ്യക്തിയാണ് തട്ടിൽ പിതാവെന്ന് അടുത്തറിയാവുന്ന എല്ലാവർക്കും അറിയാം. അതിനാൽ പിതാവ് സമാധാനത്തിന്റെ ദൂതനായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. പരിശുദ്ധാത്മാവിനെയാണ് ഈശോ തന്നിരിക്കുന്നത്. പിതാവിനെ കേൾക്കുന്നവൻ ദൈവത്തെ കേൾക്കുന്നു. പിതാവിന്റെ പാത പിന്തുടരുന്നവൻ സ്വർ​ഗത്തിൽ എത്തിച്ചേരുന്നു എന്ന ദൈവികമായ സാക്ഷ്യമാണ് പരിശുദ്ധാത്മാഭിഷേകമെന്നും ബിഷപ്പ് പറഞ്ഞു.

ക്രിസ്തു മുറിവേറ്റവനായിരുന്നു. അവൻ ശിക്ഷ്യൻമാരെ കാണിച്ചത് മുറിവേറ്റ കൈകളായിരുന്നു. ക്രിസ്തുവിന്റെ മണവാട്ടിയായ സഭയ്ക്ക് മുറിവുകളുണ്ടാകും പക്ഷെ അത് മഹത്വത്തിന് വേണ്ടിയുള്ള മുറിവുകളാണെന്നും ബിഷപ്പ് പറഞ്ഞു. തോമാ സ്ലീഹക്ക് പിടിവാശി ഉണ്ടായിരുന്നെങ്കിലും ഈശോയോടുള്ള അചഞ്ചലമായ സ്നേഹമായിരുന്നു അതിനു പിന്നിൽ. അവനെ കണ്ടെത്തി കഴിഞ്ഞതിന് ശേഷം തോമാ ശ്ലീഹായ്ക്ക് പിടിവാശി ഉണ്ടായില്ല.

കണ്ടുമുട്ടിയ ഉടനെ മുട്ടുകുത്തി 'എന്റെ കർത്താവേ എന്റെ ദൈവമേ' എന്ന് വിളിച്ച് അപേക്ഷിച്ചു. സഭയെ നവീകരിക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ സിയന്നയിലെ വിശുദ്ധ കത്രീന പറഞ്ഞതുപോലെ സഭയോട് അ​ഗാധമായ സ്നേഹവും വിശ്വാസവും ഉണ്ടായിരിക്കണം. സഭയെന്നത് ജനാധിപത്യത്തിന്റെയോ വികാരത്തിന്റേയെ വാദങ്ങൾ നിരത്തേണ്ട വേദിയല്ല. സഭ ക്രിസ്തുവിന്റെ ശരീരമാണ്. നമ്മുടെ സഭയുടെ രക്ഷാമാർ​ഗം ക്രിസ്തുവാണെന്നും ബിഷപ്പ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.