മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 5.40 ന് ആയിരുന്നു അന്ത്യം.

ഭൗതികദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രി എട്ടിന് മാറമ്പള്ളി ജമാ അത്ത് കബര്‍സ്ഥാനിലായിരിക്കും കബറടക്കും.

കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വര്‍ഷം എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് ചുമതലയും വഹിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് വഴിയാണ് ടി.എച്ച് മുസ്തഫ രാഷ്ട്രീയ രംഗത്തെത്തിയത്.

1977 ല്‍ ആണ് ആദ്യമായി ആലുവയില്‍ നിന്ന് നിയമസഭയില്‍ എത്തിയത്. പിന്നീട്, 1982, 1987, 1991, 2001 വര്‍ഷങ്ങളില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

1980 ല്‍ ആലുവയിലും 1996 ല്‍ കുന്നത്തുനാട്ടിലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ ചുമതലകളും ടി.എച്ച് മുസ്തഫ ചുമതല വഹിച്ചിട്ടുണ്ട്.

എറണാകുളം പെരുമ്പാവൂര്‍ വാഴക്കുളത്ത് ടി.കെ.എം.ഹൈദ്രോസിന്റെയും ഫാത്തിമ ബീവിയുടേയും മകനായി 1941 ഡിസംബര്‍ ഏഴിനായിരുന്നു ജനനം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.