സനാ: യെമന്റെ തെക്കന്‍ തീരത്ത് ചെങ്കടലില്‍ അമേരിക്കന്‍ ചരക്ക് കപ്പലിന് നേരേ ഹൂതികളുടെ മിസൈല്‍ ആക്രമണം. യെമനില്‍ നിന്ന് തൊടുത്ത മൂന്നു മിസൈലുകളില്‍ ഒരെണ്ണം കപ്പലിന് മുകളില്‍ പതിച്ചു. തീ പടര്‍ന്ന് കപ്പലിന് കേടുപാടുകളുണ്ടായെങ്കിലും ആളപായമില്ല.
അമേരിക്കയിലെ കണക്റ്റിക്കട്ട് ആസ്ഥാനമായുള്ള ഈഗിള്‍ ബുള്‍ക് കമ്പനിയുടെ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന പേരിലുള്ള ചരക്ക് കപ്പലിനുനേരെയാണ് ആക്രമണം ഉണ്ടായത്. ചരക്ക് കപ്പല്‍ അക്രമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചെങ്കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്.എസ് ലബൂണിന് നേരെയും ആക്രമണ ശ്രമം നടന്നു.
യുദ്ധക്കപ്പലിന് നേരെ അയച്ച മിസൈലുകള്‍ ലക്ഷ്യത്തില്‍ പതിക്കും മുന്‍പ് തകര്‍ത്തതായി അമേരിക്ക വ്യക്തമാക്കി. പുതിയ സംഭവത്തോടെ ഹൂതികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ അമേരിക്ക ഒരുങ്ങുന്നു എന്നാണ് സൂചന. ഇതോടെ മേഖല കൂടുതല്‍ സംഘര്‍ഷ ഭരിതമാകും.
ഹൂതി കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയും ബ്രിട്ടനും കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടി ആണ് ഇപ്പോഴത്തെ ആക്രമണം എന്നാണ് സൂചന. യമന്‍ തലസ്ഥാനമായ സനായിലും തീരനഗരമായ ഹുദൈദയിലും അമേരിക്കയും ബ്രിട്ടനും നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണിപ്പോള്‍ അമേരിക്കന്‍ ചരക്ക് കപ്പലിനുനേരെ മിസൈല്‍ ആക്രമണം ഉണ്ടായത്. ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യു.എസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അമേരിക്കന്‍ നാവികസേന ആവശ്യപ്പെട്ടിരുന്നു.