അമ്പത് അടി താഴ്ചയുള്ള പാറമടക്കുളത്തിലേക്ക് കാര്‍ മറിഞ്ഞു; സുഹൃത്തുക്കളായ മൂന്ന് പേര്‍ മരിച്ചു

അമ്പത് അടി താഴ്ചയുള്ള പാറമടക്കുളത്തിലേക്ക് കാര്‍ മറിഞ്ഞു; സുഹൃത്തുക്കളായ മൂന്ന് പേര്‍ മരിച്ചു

തൃശൂര്‍: മാളയില്‍ കാര്‍ പാറമടക്കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപമാണ് അപകടം. കൊമ്പൊടിഞ്ഞാമാക്കല്‍ പുന്നേലിപ്പറമ്പില്‍ ജോര്‍ജ് (48), പടിഞ്ഞാറേ പുത്തന്‍ചിറ മൂരിക്കാട് സ്വദേശി താക്കോല്‍ക്കാരന്‍ ടിറ്റോ (48), കുഴിക്കാട്ടുശേരി സ്വദേശി മൂത്തേടത്ത് ശ്യാം (51) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ 50 അടി താഴ്ചയുള്ള പാറമടയിലേക്ക് മറിയുകയായിരുന്നു. എതിരേ വന്ന ബൈക്ക് യാത്രക്കാരനാണ് കാര്‍ പാറമടയിലേക്ക് മറിയുന്നത് കണ്ടത്.

പൊലീസും ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് കാറിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. കുളത്തിന് ആഴം കൂടുതലായതിനാല്‍ തിരച്ചില്‍ നടത്താനായില്ല. പിന്നീട് സ്‌കൂബ ഡൈവേഴ്‌സ് ടീം എത്തിയാണ് മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്.

വീതി കുറഞ്ഞ റോഡിനോട് ചേര്‍ന്ന പാറമടക്കുളത്തിന്റെ കൈവരി തകര്‍ത്താണ് കാര്‍ മറിഞ്ഞത്. മൂവരും സുഹൃത്തുക്കളാണ്. ടിറ്റോയെ വീട്ടില്‍ എത്തിക്കാന്‍ പോകുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.