കൊച്ചി: എഴുത്തുകാരി കെ.ബി ശ്രീദേവി അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ത്യപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു താമസം.
കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. സമഗ്ര സംഭാവനകള്‍ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാണിയമ്പലത്ത് വെള്ളക്കാട്ടുമനയില്‍ വി.എം.സി നാരായണന്‍ ഭട്ടത്തിപ്പാടിന്റെയും ഗൗരി അന്തര്‍ജനത്തിന്റെയും മകളായി 1940 മെയ് ഒന്നിനാണ് ശ്രീദേവി ജനിച്ചത്. 13-ാം വയസിലായിരുന്നു ആദ്യ കഥയെഴുതിയത്. ഒരു പക്ഷിയുടെ മരണത്തെക്കുറിച്ചായിരുന്നു.
മൂന്നാം തലമുറ, യജ്ഞം, ചാണക്കല്ല്, മുഖത്തോട് മുഖം, തിരിയുഴിച്ചില്‍, മൂന്നാം തലമുറ, ദാശരഥം, അഗ്നിഹോത്രം, ബോധിസത്വന്‍ തുടങ്ങിയവയാണ് ശ്രീദേവി രചിച്ച നോവലുകള്‍. നിറമാലയ്ക്ക് 1975 ല്‍ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1974 ല്‍ പുറത്തിറങ്ങിയ 'യജ്ഞം' നോവല്‍ 1975 ല്‍ കുങ്കുമം പുരസ്‌കാരം നേടിയിരുന്നു.