കൊച്ചിയുടെ സന്ധ്യയെ സുന്ദരമാക്കി മോഡിയുടെ റോഡ് ഷോ; ആവേശ ഭരിതരായി പൂക്കള്‍ വിതറി അണികള്‍

കൊച്ചിയുടെ സന്ധ്യയെ സുന്ദരമാക്കി മോഡിയുടെ റോഡ് ഷോ; ആവേശ ഭരിതരായി പൂക്കള്‍ വിതറി അണികള്‍

കൊച്ചി: കൊച്ചി നഗരത്തെ ഇളക്കി മറിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ. പ്രധാനമന്ത്രിയെ കണ്ടതോടെ ആവേശ ഭരിതരായ ബിജെപി പ്രവര്‍ത്തകര്‍ വഴിനീളെ പൂക്കള്‍ വിതറിയാണ് അദേഹത്തെ എതിരേറ്റത്. മോഡിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും വാഹനത്തിലുണ്ടായിരുന്നു.

വൈകുന്നേരം 6.50 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്ടറില്‍ നേവല്‍ ബേസ് എയര്‍പോര്‍ട്ടിലെത്തി.

പിന്നീട് റോഡ് മാര്‍ഗം കെപിസിസി ജങ്ഷനിലെത്തി അവിടെ നിന്ന് പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തില്‍ റോഡ് ഷോയായി ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരെയുള്ള ഗവ.ഗസ്റ്റ് ഹൗസിലെത്തി.

കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍ എം.പി, ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നെടുമ്പാശേരിയിലുണ്ടായിരുന്നു.


മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നും നാളെയും എറണാകുളം നഗരത്തില്‍ കനത്ത ഗതാഗത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന പ്രധാനമന്ത്രി നാളെ രാവിലെ ആറിന് ഹെലികോപ്ടര്‍ മാര്‍ഗം ഗുരുവായൂരിലേക്ക് തിരിക്കും.

7.40 മുതല്‍ 20 മിനിറ്റ് ക്ഷേത്രത്തില്‍ ചെലവഴിക്കും. 8.45 ന് ക്ഷേത്രത്തിനു മുന്നിലെ കല്യാണ മണ്ഡപത്തില്‍ നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. 9.50 ന് ഹെലികോപ്ടറില്‍ തൃപ്രയാറിലേക്കു പുറപ്പെടും. 10.30 ന് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

തുടര്‍ന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12 ന് വില്ലിങ്ടന്‍ ഐലന്‍ഡില്‍ കൊച്ചിന്‍ ഷിപ്യാഡിന്റെ രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും ഉദ്ഘാടനം ചെയ്യും. വൈപ്പിന്‍ പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇറക്കുമതി ടെര്‍മിനലും ഉദ്ഘാടനം ചെയ്യും.

പിന്നീട് ഒരു മണിക്ക് എറണാകുളം മറൈന്‍ഡ്രൈവില്‍ ബിജെപി 'ശക്തികേന്ദ്ര പ്രമുഖരുടെ' സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അദേഹം ഡല്‍ഹിക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂര്‍, ചൂണ്ടല്‍, നാട്ടിക, കണ്ടാണശേരി, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് അവധി. പ്രഫഷനല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.