പ്രധാനമന്ത്രി ഗുരുവായൂരിലെത്തി: സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനം; പിന്നീട് കൊച്ചിയിലേക്ക് മടക്കം

പ്രധാനമന്ത്രി ഗുരുവായൂരിലെത്തി: സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനം; പിന്നീട് കൊച്ചിയിലേക്ക് മടക്കം

കൊച്ചി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുരുവായൂരിലെത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്ന് രാവിലെ 6.30 നാണ് അദേഹം യാത്ര തിരിച്ചത്.

7.30 ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാടിലെത്തി. തുടര്‍ന്ന് റോഡ് മാര്‍ഗം ഗുരുവായൂരില്‍. 7.50 ന് ക്ഷേത്രത്തിലെത്തിയ അദേഹം 20 മിനിറ്റ് ദര്‍ശനത്തിന് ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി.

8.45 ന് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി ക്ഷേത്രത്തിലെത്തും. 9.45 ന് തൃപ്രയാര്‍ ക്ഷേത്രത്തിലേക്ക് തിരിക്കും. ക്ഷേത്ര ദര്‍ശനത്തിന് ശേഷം 11.10 ന് വലപ്പാട് ഹെലിപ്പാഡില്‍ നിന്ന് കൊച്ചിയിലേക്കു മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുള്ളത്. ഇന്ന് രാവിലെ ആറ് മുതല്‍ 10 വരെ ക്ഷേത്രത്തിന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവേശനമില്ല. അനുവദിക്കപ്പെട്ട കല്യാണക്കാരെയും ക്ഷേത്രം ഡ്യൂട്ടിക്കാരെയും മാത്രമേ കടത്തി വിടുകയുള്ളൂ.

ഇവരില്‍ നിന്ന് കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റും വ്യക്തിവിവര രേഖകളും പോലീസ് ശേഖരിച്ചു. ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ വരെ പ്രധാന റോഡ് വെളുപ്പിന് തന്നെ അടച്ചു.

തൃപ്രയാര്‍ ക്ഷേത്രവും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്. പ്രധാനമന്ത്രി ഇറങ്ങുന്ന വലപ്പാട് ഹൈസ്‌കൂള്‍ ഗ്രൗണ്ട് മുതല്‍ പോളി ജങ്ഷന്‍ വരെ റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചു. ക്ഷേത്രം റോഡില്‍ കൈവരിയില്ലാത്ത സ്ഥലങ്ങളിലും ബാരിക്കേഡുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.