കണ്ണൂര്‍: ഒട്ടകപ്പുറത്തെത്തി മട്ടന്നൂര്‍-കണ്ണൂര്‍ പാതയില്‍ ഗതാഗത തടസമുണ്ടാക്കിയ വരനും സംഘത്തിനുമെതിരെ പൊലീസ് നടപടി സ്വീകരിച്ചു. വരന്‍ വാരം ചതുരക്കിണര്‍ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേര്‍ക്കുമെതിരെയാണ് കേസ്. ഞായറാഴ്ച രാവിലെയാണ് സംഭവം.
ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് ഗതാഗത തടസം സൃഷ്ടിച്ചതിന് ചക്കരക്കല്‍ പൊലീസാണ് കേസെടുത്തത്. പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗത തടസം നീക്കിയത്. സാമൂഹിക മാധ്യമങ്ങളില്‍ ഘോഷയാത്രയുടെ വീഡിയോകള്‍ വൈറലായിട്ടുണ്ട്.
വരനും സംഘവും വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. ബന്ധുക്കളും കൂട്ടുകാരും അടങ്ങുന്ന ഘോഷയാത്രയ്ക്കിടെയാണ് വരനെ ഒട്ടകപ്പുറത്ത് കയറ്റിയത്. ഇതോടെ വീതി കുറഞ്ഞ മട്ടന്നൂര്‍- കണ്ണൂര്‍ പാതയില്‍ ഗതാഗതം തടസം ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്.