മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം; എസ്എഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു, ഗുരുതര പരിക്ക്

 മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം; എസ്എഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു, ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം. എസ്എഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്.

ഇന്നു പുലര്‍ച്ചെയാണ് കോളജ് ക്യാമ്പസില്‍വച്ചാണ് സംഘര്‍ഷമുണ്ടായത്. നാസറിന്റെ കാലിനും കൈക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാസര്‍ അബ്ദുള്‍ റഹ്മാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് സാരമായതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആണെന്ന് എസ്എഫ്ഐ ആരോപിച്ചു.

നാടക റിഹേഴ്സലിന് ശേഷം പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം എസ്എഫ്ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ കോളജില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഈ സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം മറ്റൊരു സംഭവത്തില്‍ കോളജിലെ ഭിന്നശേഷിക്കാരനായ അധ്യാപകന് വിദ്യാര്‍ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. അറബിക് വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെ.എം നിസാമുദ്ദീനാണ് മര്‍ദ്ദനമേറ്റത്. അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് റാഷിദാണ് അധ്യാപകനെ ആക്രമിച്ചത്. അധ്യാപകന്റെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.

ബുധനാഴ്ചയായിരുന്നു സംഭവം. അറബിക് ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയ മുഹമ്മദ് റാഷിദ് അധ്യാപകനോടു വളരെ പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. എന്നാല്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് അധ്യാപകന്‍ പ്രിന്‍സിപ്പല്‍ റൂമിലേക്ക് പോയി. അതിനിടെ കോണിപ്പടിയില്‍ വച്ച് മുഹമ്മദ് റാഷിദ് അധ്യാപകനെ തടഞ്ഞു. അരയില്‍ കരുതിയിരുന്ന കത്തി പോലുള്ള ആയുധത്തിന്റെ പിടികൊണ്ടു അധ്യാപകന്റെ പിറകില്‍ രണ്ട് തവണ ഇടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ അധ്യാപകനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈയടുത്ത് വിനോദ യാത്രക്കിടെ ടൂറിസം ക്ലബ് അംഗങ്ങളെ ഒരു സംഘം വിദ്യാര്‍ഥികള്‍ ട്രെയിനില്‍ കയറി ആക്രമിച്ചിരുന്നു. തുടര്‍ന്ന് കോളജില്‍ നടന്ന വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ അധ്യാപകന്‍ കോളജ് പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

അധ്യാപകന്‍ പ്രിന്‍സിപ്പലിനും പരാതി നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കേള്‍വി പരിമിതികളുള്ള അധ്യാപകനാണ് നിസാമുദ്ദീന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.