തട്ടിക്കൊണ്ടുപോകപ്പെട്ട നൈജീരിയൻ വൈദികൻ വധിക്കപ്പെട്ടു
നൈഗർ(നൈജീരിയ) :നൈജീരിയയിലെ മിന്നാ രൂപതയിലേ ഫാ ജോൺ ഗബാകാനെയാണ് കഴിഞ്ഞദിവസം ആയുധധാരികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേന്ന് മരിച്ച നിലയിൽ വൈദികനെ കണ്ടെത്തുകയായിരുന്നു. ഒരു മരത്തിൽ കെട്ടിവച്ച രീതിയിലാണ് മൃതദേഹം കണ്ടുകിട്ടിയത്.
ജനുവരി 15ന് തങ്ങളുടെ അമ്മയെ സന്ദർശിക്കാൻ പോകുന്നവഴി ആയിരുന്നു ഫാ. ജോണിനെയും സഹോദരനെയും ആയുധധാരികൾ തട്ടികൊണ്ടുപോയത്. അന്നേദിവസം ഒൻപതു മണിയോടുകൂടിയായിരുന്നു സംഭവം. പതിനാറാം തീയതി 75,000 ഡോളർ നൽകിയാലേ ഇവരെ മോചിപ്പിക്കൂ എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ബന്ദികൾ രൂപതയെ അറിയിച്ചു. പിന്നീട് മോചനദ്രവ്യം 12,000 ഡോളറായി കുറച്ചു . ആ തുക കൊടുത്തോ ഇല്ലയോ എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല . അതേസമയം, ഫാ. ജോണിന്റെ സഹോദരനെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. ഇരുവരും സഞ്ചരിച്ച ടൊയോട്ട വെൻസ മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
വടക്കൻ നൈജീരിയയിൽ ജനങ്ങൾ പ്രത്യേകിച്ച് ക്രിസ്ത്യാനികൾ ഇന്ന് ഭയത്തോടെയാണ് ജീവിക്കുന്നത്. ഫാ. ജോണിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ക്രിസ്ത്യാനികൾ ഭയാനകമായ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ‘ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ’യുടെ വൈസ് പ്രസിഡന്റ് ഫാ. ജോൺ ഹയാബ് പറഞ്ഞു. പൗരോഹിത്യം സ്വീകരിക്കാൻ ആഗ്രഹമുള്ള നിരവധി യുവാക്കൾ ഉണ്ടെങ്കിലും സഭാ ശുശ്രൂഷകർക്കെതിരായ ഇത്തരം അക്രമങ്ങൾ ദൈവവിളികൾക്ക് വെല്ലുവിളിയാകുന്നുണ്ട്."വളരെവലിയ ഞെട്ടലോടെയും വേദനയോടെയുമാണ് ഞങ്ങൾ, ഞങ്ങളുടെ പ്രിയപ്പെട്ട ജോൺ അച്ചന്റെ തട്ടിക്കൊണ്ടുപോകലിന്റെയും കൊലപാതകത്തിന്റെയും വാർത്ത കേട്ടത്" ഫാ ഹയാബ് പറഞ്ഞു. ഇത്തരം അക്രമങ്ങൾക്ക് അറുതിവരുത്താൻ ഭരണകൂടവും സുരക്ഷാ ഏജൻസികളും അടിയന്തിരമായി ഇടപെടണമെന്നും ഫാ. ഹയാബ് ആവശ്യപ്പെട്ടു.