വാഷിംഗ്ടണ്‍ നഗരത്തെ ഇളക്കിമറിച്ച് മാര്‍ച്ച് ഫോര്‍ ലൈഫ്: പങ്കെടുത്തത് ആയിരങ്ങള്‍

വാഷിംഗ്ടണ്‍ നഗരത്തെ ഇളക്കിമറിച്ച് മാര്‍ച്ച് ഫോര്‍ ലൈഫ്: പങ്കെടുത്തത് ആയിരങ്ങള്‍

വാഷിംഗ്ടണ്‍ ഡി.സി.: മാര്‍ച്ച് ഫോര്‍ ലൈഫിന്റെ അമ്പത്തിയൊന്നാം വാര്‍ഷികത്തില്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍ അണിനിരന്ന് ആയിരക്കണക്കിന് ഭ്രൂണഹത്യ വിരുദ്ധ പ്രവര്‍ത്തകര്‍. 30 ഡിഗ്രി ഫാരന്‍ഹീറ്റ് താപനിലയെയും കനത്ത മഞ്ഞുവീഴ്ചയെയും ഒരു പോലെ അവഗണിച്ചാണ് ആയിരങ്ങള്‍ ഭ്രൂണഹത്യ വിരുദ്ധ മുദ്രാവാക്യവുമായി യുഎസ് ക്യാപ്പിറ്റല്‍ മന്ദിരവും സുപ്രീം കോടതിയും കടന്ന് നഗരവീഥിയിലൂടെ മുന്നേറിയത്.

ചെറുപ്പക്കാരും പ്രായമായവരും ഒരേ ആവേശത്തിലാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഭ്രൂണഹത്യയ്ക്ക് പരോക്ഷത്തില്‍ അനുമതി നല്‍കിയ റോയ് വി വെയ്ഡിന്റെ വിവാദ ഉത്തരവ് 2022ലാണ് സുപ്രീം കോടതി ഭാഗികമായി റദ്ദ് ചെയ്ത്. ദേശീയതലത്തില്‍ ഭ്രൂണഹത്യയ്ക്ക് ഉണ്ടായിരുന്ന അനുമതി നീക്കം ചെയ്ത സുപ്രീം കോടതി ഭ്രൂണഹത്യ അനുവദിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് കൈമാറി.

2023ലെ മാര്‍ച്ച് ഈ പുതിയ ഉത്തരവിന്റെ വിജയാഹ്ലാദ പ്രകടനമായിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് വരും വര്‍ഷത്തേക്കുള്ള പദ്ധതികളുടെ തുടക്കത്തിന് നാന്ദി കുറിക്കുന്നതായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഭ്രൂണഹത്യ ഒരു പ്രധാന ചര്‍ച്ചാവിഷയമാകുമെന്നാണ് നിഗമനം.

എല്ലാ വര്‍ഷവും മാര്‍ച്ച് ഫോര്‍ ലൈഫ് നടത്തുമെന്നും ഓരോ ജീവനും വിലപ്പെട്ടതാണെന്ന സുപ്രധാന സന്ദേശം എല്ലാവരിലുമെത്തിക്കുകയാണ് ലക്ഷ്യമെന്നും മാര്‍ച്ച് ഫോര്‍ ലൈഫ് പ്രസിഡന്റ് ജീന്‍ മാന്‍ചീനി വെളിപ്പെടുത്തി. ഭ്രൂണഹത്യ എന്നത് ചിന്തിക്കാവുന്നതിലുമപ്പുറം ആകുന്നത് വരെ മാര്‍ച്ച് തുടരാനാണ് സംഘടനയുടെ തീരുമാനം.

റോ വി വെയ്ഡിന്റെ ഉത്തരവ് റദ്ദാക്കിയതിലൂടെ ഭ്രൂണഹത്യയെ കുറിച്ചുള്ള തീരുമാനം എടുക്കാന്‍ ഓരോ സംസ്ഥാനത്തിനും അധികാരം നിക്ഷിപ്തമാക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഇതേ തുടര്‍ന്ന് പന്ത്രണ്ടിലധികം സ്റ്റേറ്റുകള്‍ ഭ്രൂണഹത്യ ഏറെക്കുറെ പൂര്‍ണമായും വിലക്കി ഉത്തരവിട്ടു.

ദേശീയ തലത്തില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് തീരുമാനം എടുക്കുന്നതിനുള്ള അനുവാദം എത്തിയത് വന്‍വിജയമാണെന്നും എന്നാല്‍ ഇതുകൊണ്ട് മാത്രം ഭ്രൂണഹത്യയെ പൂര്‍ണമായി തടയാന്‍ സാധിക്കുന്നില്ലെന്നും ഓഹിയോയില്‍ നിന്നും മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കാനെത്തിയ കാത്തി ജോണ്‍സ്റ്റണ്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഭ്രൂണഹത്യയ്ക്ക് നിയമസാധുത നല്‍കുന്ന നിയമം വോട്ടെടുപ്പിലൂടെ ഓഹിയോ നടപ്പാക്കിയിരുന്നു. ഇപ്രകാരം വോട്ടെടുപ്പ് നടത്തുന്നത് മൂലം ഭ്രൂണഹത്യ വിരുദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുവെന്ന് മാര്‍ച്ച് ഫോര്‍ ലൈഫ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ഭ്രൂണഹത്യ നിയമവിരുദ്ധമാക്കുകയെന്നതല്ല തങ്ങളുടെ ലക്ഷ്യമെന്നും ഇതിനെകുറിച്ച് ചിന്തിക്കുന്നത് തന്നെ ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യമെന്നും മാര്‍ച്ചില്‍ പങ്കാളികളായവര്‍ ഏകസ്വരത്തില്‍ പറയുന്നു.

ദേശീയതലത്തില്‍ തന്നെ ഭ്രൂണഹത്യ നിരോധിക്കാന്‍ സാധിച്ചാല്‍ അത് വലിയ കാര്യമാണെന്നും സംസ്ഥാന തലത്തിലായാലും ഇങ്ങനെ ഒരു നീക്കം നടത്താന്‍ സാധിക്കട്ടെയെന്ന് വിശ്വസിക്കുകയാണെന്നും മാര്‍ച്ചില്‍ പങ്കെടുത്ത ഇയോവ സ്വദേശിനി ജൂലി വൂമര്‍ പറയുന്നു. 50 വര്‍ഷമായി മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തുവരികയാണ് ജൂലി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.