പാലക്കാട്: ഒറ്റപ്പാലത്ത് ഒന്നര ഏക്കര്‍ കൃഷിസ്ഥലത്തെ കൃഷി നശിപ്പിച്ച് അജ്ഞാത സംഘത്തിന്റെ കൊടുംക്രൂരത. അഞ്ച് മാസത്തോളം പ്രായമായ 500 വാഴകളും 300 കവുങ്ങിന്‍ തൈകളും അക്രമികള്‍ നശിപ്പിച്ചു. തിരുവാഴിയോട് മലപ്പുറം വീട്ടില്‍ പ്രമോദിന്റെ കൃഷി സ്ഥലമാണ് അക്രമികള്‍ നശിപ്പിച്ചത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. സ്ഥലത്തെത്തിയ സംഘം വാഴകള്‍ വെട്ടി നശിപ്പിക്കുകയും കവുങ്ങിന്‍ തൈകള്‍ പിഴുത് കളയുകയും ചെയ്യുകയായിരുന്നു. രാവിലെ കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് സംഭവം പ്രമോദ് കാണുന്നത്.
ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു. അക്രമത്തിന് പിന്നിലാരെന്ന് മനസിലായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.