കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനക്ഷേമ വാഗ്ദാനങ്ങളുമായുള്ള പ്രകടന പത്രിക പുറത്തിറക്കി ട്വന്റി 20. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി.
എറണാകുളം ജില്ലയിലെ പൂതൃക്കയില്‍ നടന്ന സമ്മേളനത്തിലാണ് ട്വന്റി 20 പാര്‍ട്ടി പ്രകടന പത്രിക ജനങ്ങള്‍ക്ക് മുന്നില്‍ വച്ചത്. കിഴക്കമ്പലം മോഡല്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും.
ഭക്ഷ്യധാന്യങ്ങളുടെയും മരുന്നുകളുടെയും വില 50 ശതമാനം വരെ കുറയ്ക്കും. 60 വയസ് കഴിഞ്ഞവര്‍ക്കുള്ള പ്രതിമാസ ക്ഷേമ പെന്‍ഷന്‍ 5000 രൂപയാക്കി ഉയര്‍ത്തും.
എട്ട് ലക്ഷത്തോളം വരുന്ന ഭിന്ന ശേഷിക്കാര്‍ക്കും മാസം 5000 രൂപ പെന്‍ഷന്‍ നല്‍കുമെന്നതടക്കം നിരവധി ജനക്ഷേമ വാഗ്ദാനങ്ങളാണ് ട്വന്റി 20 കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് യോഗത്തില്‍ പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് അടുത്ത ആഴ്ച്ചയോടെ പാര്‍ട്ടി അന്തിമ തീരുമാനമെടുക്കും.