കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ച എറണാകുളം മഹാരാജാസ് കോളജ് നാളെ മുതല്‍ തുറക്കും. വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി കോളജ് അധികൃതര്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എസ്.എഫ്.ഐ, കെ.എസ്.യു, ഫ്രറ്റേണിറ്റി, എം.എസ്.എഫ് തുടങ്ങി സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കോളജ് ഉടന്‍ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. കോളജില്‍ പൊലീസ് സാന്നിധ്യം കുറച്ചു ദിവസം കൂടി തുടരും. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കും. സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമം തുടരും. വൈകിട്ട് ആറിന് ഗേറ്റ് പൂര്‍ണമായും അടയ്ക്കും.
അതേസമയം സംഘട്ടനവുമായി ബന്ധപ്പെട്ട പൊലീസ് നടപടികള്‍ തുടരും. വിദ്യാര്‍ഥികള്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും പ്രിന്‍സിപ്പലിന്റെ ചാര്‍ജ് വഹിക്കുന്ന ഡോ. ഷജീല ബീവി പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഉണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളജും ഹോസ്റ്റലും അനിശ്ചിത കാലത്തേക്ക് അടച്ചത്. സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ മുഹമ്മദ് ഇജിലാല്‍, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ. ബാബു, വൈസ് പ്രസിഡന്റ് ആഷിഷ് എസ്. ആനന്ദ് തുടങ്ങിയര്‍ അറസ്റ്റിലാണ്.
യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ് ജോയിയെ പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്ക് സ്ഥലം മാറ്റിയിരുന്നു. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റ ഉത്തരവിറക്കിയത്.
അതേസമയം കോളജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസിലെ പ്രതികള്‍ ഒളിവിലാണ്. മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥി അബ്ദുള്‍ മാലിക്കാണ് ഒന്നാം പ്രതി. കെഎസ്.യു, ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. വധശ്രമം അടക്കം ഒന്‍പത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വനിതാ വിദ്യാര്‍ഥി അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.