മാരാമണ്‍ കണ്‍വന്‍ഷനായി പമ്പാതീരം ഒരുങ്ങി: വിദേശത്ത് നിന്നും സുവിശേഷ പ്രഭാഷകര്‍ എത്തും; വിപുലമായ തയ്യാറെടുപ്പുകള്‍

മാരാമണ്‍ കണ്‍വന്‍ഷനായി പമ്പാതീരം ഒരുങ്ങി: വിദേശത്ത് നിന്നും സുവിശേഷ പ്രഭാഷകര്‍ എത്തും; വിപുലമായ തയ്യാറെടുപ്പുകള്‍

പത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷനെ വരവേല്‍ക്കാന്‍ പമ്പാതീരം ഒരുങ്ങി. 129-ാമത് മഹായോഗമാണ് ഫെബ്രുവരി 11 ഞായറാഴ്ച മുതല്‍ 18 ഞായറാഴ്ച വരെ നടക്കുന്നത്. മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചക്ക് 2.30 ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

മാരാമണ്‍ മണല്‍പ്പുറത്ത് പരമ്പരാഗത രീതിയില്‍ ഓല പന്തലില്‍ നടത്തുന്ന കണ്‍വന്‍ഷനില്‍ യുഎസ്എ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സുവിശേഷ പ്രഭാഷകരും പങ്കെടുക്കും.

മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രഥമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കണ്‍വന്‍ഷന്‍ നഗറിന് സമീപമുള്ള നദീ തീരങ്ങളിലും അപകട സാധ്യത കൂടിയ മേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമായി ഏര്‍പ്പെടുത്തും. ഇത്തരം മേഖലകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ജലാശയങ്ങളില്‍ ഇറങ്ങുന്നത് തീര്‍ഥാടകര്‍ ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കണ്‍വന്‍ഷന്‍ നഗറില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റ് ക്രമീകരിക്കും. കൂടാതെ സ്‌കൂബാ ഡൈവിങ് ടീമിന്റെ സേവനവും ഉറപ്പാക്കും. ക്രമാസമാധാന പാലനം, സുരക്ഷ, പാര്‍ക്കിങ്, ഗതാഗതം എന്നിവ സംബന്ധിച്ച ക്രമീകരങ്ങള്‍ പൊലീസ് വകുപ്പ് സജ്ജമാക്കും.

മഫ്തി, വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കോഴഞ്ചേരിയിലും നെടുംപ്രയാറിലും കണ്ട്രോള്‍ റൂം സ്ഥാപിക്കും. കണ്‍വന്‍ഷന്‍ നഗറില്‍ ആംബുലന്‍സ് സൗകര്യത്തോട് കൂടി പൂര്‍ണ സജ്ജമായ മെഡിക്കല്‍ ടീമിന്റെ സേവനവുംം ലഭ്യമാക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയും സമീപമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തനസമയം ക്രമീകരിക്കും.

കൂടാതെ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കണ്‍വന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വില്‍പന, നിരോധിത ലഹരി വസ്തുക്കളുടെ വില്‍പന തുടങ്ങിയവ തടയുന്നതിനുള്ള നടപടികള്‍ എക്‌സൈസ് സ്വീകരിക്കും.

കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള എല്ലാ റോഡുകളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് നിര്‍ദേശം നല്‍കി. കൂടാതെ റോഡ് സൈഡിലുള്ള അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കണമെന്നും യാചക നിരോധനം ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ തീരുമാനമായി. ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും മാലിന്യ നിര്‍മാജനം കുറ്റമറ്റ രീതിയില്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് മണിക്കൂറില്‍ 1000 ലിറ്റര്‍ ശേഷിയുള്ള രണ്ട് ആര്‍.ഓ യൂണിറ്റുകളും താല്‍കാലിക ടാപ്പുകളും അടക്കമുള്ള ക്രമീകരണങ്ങള്‍ വാട്ടര്‍ അതോറിറ്റി സജ്ജീകരിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത പരിശോധിച്ച് ഉറപ്പു വരുത്തണം. പത്തനംതിട്ട, ചെങ്ങന്നൂര്‍, പന്തളം, കൊട്ടാരക്കര, തിരുവല്ല, അടൂര്‍ സ്റ്റേഷനുകളില്‍ നിന്നും ആവശ്യാനുസരണം അധിക സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തും. കണ്‍വന്‍ഷന്‍ നഗറിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം ഉറപ്പാക്കും.

തകരാറിലായ തെരുവ് വിളക്കുകള്‍ ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ നന്നാക്കുന്നതിനുള്ള നടപടി കെ.എസ്.ഇ.ബി സ്വീകരിക്കണം. പമ്പ ഇറിഗേഷന്‍ വിഭാഗം മണിയാര്‍ ഡാമില്‍ നിന്നുമുള്ള ജലനിര്‍ഗമനം നിയന്ത്രിക്കണം. പമ്പ നദിയിലെ ജല വിതാനം ക്രമീകരിക്കണമെന്ന് മൂഴിയാര്‍ കെ.എസ്.ഇ.ബി ജനറേഷന്‍ സര്‍ക്കിളിന് നിര്‍ദേശം നല്‍കി. സമ്മേളന സ്ഥലത്ത് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം സന്ദര്‍ശനം നടത്തി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, റവ . എബി കെ. ജോഷ്വാ (ജനറല്‍ സെക്രട്ടറി), റവ. ജിജി വര്‍ഗീസ് (സഞ്ചാര സെക്രട്ടറി), ഡോ. എബി തോമസ് വാരിക്കാട് (ട്രഷറര്‍), സജി എം. ജോര്‍ജ് (ഓഫീസ് മാനേജര്‍) വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.