വാഷിങ്ടണ്‍: കുടിയേറ്റ നയത്തില്‍ കാതലായ മാറ്റം വരുത്തി സത്യപ്രതിജ്ഞാ ദിനത്തില്‍ തന്നെ പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യക്കാരുള്‍പ്പെടെ അമേരിക്കയിലുള്ള 1.10 കോടി അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗുണകരമാകുന്ന പ്രഖ്യാപനങ്ങളാവും ജോ ബൈഡന്‍ നടത്തുകയെന്നാണു വിലയിരുത്തപ്പെടുന്നത്.
ഇത്തരക്കാര്‍ക്ക് എട്ടു വര്‍ഷത്തിനുള്ളില്‍ യുഎസ് പൗരത്വം ലഭിക്കാന്‍ പാകത്തിലുള്ള നയമാവും ബൈഡന്‍ പ്രഖ്യാപിക്കുകയെന്നും സൂചനയുണ്ട്. ട്രംപിന്റെ കടിയേറ്റ നയത്തിനു വിരുദ്ധമായ തീരുമാനമാണിത്. പുതിയ ബില്‍ പ്രകാരം 2021 ജനുവരിയില്‍ അമേരിക്കയില്‍ നിയമപരമല്ലാതെ താമസിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ ആവശ്യമായ പരിശോധനകള്‍ക്കു ശേഷം താല്‍ക്കാലികമായി നിയമ സാധുതയോ ഗ്രീന്‍ കാര്‍ഡോ നേടാന്‍ കഴിയും.
ഇതിനായി വ്യക്തികളുടെ പശ്ചാത്തല പരിശോധന, കൃത്യമായ നികുതി അടയ്ക്കല്‍, മറ്റ് നിബന്ധനകള്‍ എന്നിവ പാലിക്കപ്പെടണം. താല്‍ക്കാലിക പദവി ലഭിച്ചു കഴിഞ്ഞാല്‍ മൂന്നു വര്‍ഷത്തിനു ശേഷം പൗരത്വം നേടാന്‍ കഴിയുന്ന തരത്തിലാണു ബില്‍ അവതരിപ്പിക്കുക.
മുമ്പ് അമേരിക്കയില്‍ നിയമവിരുദ്ധമായി എത്തിയവര്‍ക്കും കാര്‍ഷികവൃത്തി ചെയ്യുന്നവര്‍ക്കും എളുപ്പത്തില്‍ ഗ്രീന്‍കാര്‍ഡ് ലഭിക്കാന്‍ പുതിയ ബില്‍ ഉപകരിക്കുമെന്നാണു സൂചന. ചില ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും ഒഴിവാക്കാന്‍ സാധ്യതയുണ്ട്.
അധികാരത്തിലെത്തിയാല്‍ കുടിയേറ്റ നയത്തിനായിരിക്കും മുന്‍ഗണനയെന്ന് ബൈഡന്‍ പ്രചാരണ വേളയില്‍ വ്യക്തമാക്കിയിരുന്നു.