സ്ഥാനാരോഹണവും സ്ഥാനാവരോഹണവും: സാക്ഷിയായി യു എസ് കാപിറ്റോളും വൈറ്റ് ഹൗസും
വാഷിംഗ്ടൺ ഡി സി: നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെയും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിക്കാൻ ഇനി 24 മണിക്കൂർ തികച്ചില്ല. അമേരിക്കയുടെ അമ്പത്തി ഒൻപതാമത്തെ സത്യാപ്രതിജ്‌ഞാ ചടങ്ങിന് വൻ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനാരോഗ്യ മാർഗനിർദേശങ്ങൾ മുന്നിർത്തി ജനങ്ങൾ നേരിട്ട് ചടങ്ങുകൾക്ക് എത്തുന്നതിനെ 'സത്യപ്രതിജ്ഞാ ചടങ്ങു കമ്മിറ്റി'നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ദൃശ്യശ്രാവ്യ മാധ്യമങ്ങളുലൂടെ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്തിട്ടുമുണ്ട്.
1937 മുതൽ ജനുവരി 20 ന് ഉച്ചകഴിഞ്ഞ് ആണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. മൂന്നു തവണ മാത്രമാണ് ഈ കീഴ്‌വഴക്കത്തിന് ഭംഗം വന്നിരിക്കുന്നത്; അത് ജനുവരി ഇരുപതു ഞായറാഴ്ച ആയിരുന്ന വർഷങ്ങളിൽ മാത്രം. പ്രസിഡന്റ് ഇലക്ഷന് ശേഷം ഏതാണ്ട് 72 മുതൽ 78 ദിവസങ്ങൾക്കുള്ളിലാണ് സത്യപ്രതിജ്ഞ . ജനുവരി 20 ഞായറാഴ്ചയായി വരുമ്പോൾ അതേദിവസം തന്നെ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യുമെങ്കിലും സ്ഥാനാരോഹണച്ചടങ്ങുകൾ പിറ്റേദിവസം , തിങ്കളാഴ്ച ആയിരിക്കും നടത്തുക.
2021 ജനുവരി 20ലെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ തത്സമയ സംപ്രേഷണം രാവിലെ പത്തരയ്ക്ക് ആരംഭിക്കും. (ചടങ്ങിന്റെ സമയം ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈമിലാണ് (EST). അമേരിക്കയിൽ മൂന്ന് ടൈം സോൺ ആണുള്ളത്) രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30വരെ ആയിരിക്കും ആദ്യത്തെ തത്സമയ സംപ്രേഷണം. ആ സമയം പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും സത്യപ്രതിജ്ഞയും അതിനു ശേഷം പുതിയ പ്രസിഡന്റ് രാഷ്ട്രത്തെ അഭിസംബോധന ചെയുന്നതും തത്സമയം വീക്ഷിക്കാവുന്നതാണ്. ഉച്ചകഴിഞ്ഞ് രണ്ടുമണിക്കായിരിക്കും അടുത്ത തത്സമയ സംപ്രേഷണം ആരംഭിക്കുക. പ്രസിഡന്റിന്റെയു വൈസ്പ്രസിഡന്റിൻറെയും ചില ഔദ്യോഗിക നടപടികൾ ആയിരിക്കും ഈ സമയം നടക്കുക. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ശേഷം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന് 15ന്ത് സ്ട്രീറ്റിൽ നിന്ന് വൈറ്റ് ഹൗസിലേക്ക് 'പ്രസിഡൻഷ്യൽ എസ്‌കോർട്ട്' ലഭിക്കും. സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളും എസ്‌കോർട്ടിൽ പ്രതിനിധീകരിക്കും. രാത്രി 8.30ന് ആരംഭിക്കുന്ന, തൊണ്ണൂറു മിനിറ്റ് നീളുന്ന " പ്രൈം ടൈം സ്പെഷ്യ"ലോടെ ജനുവരി 20ലെ പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങുകൾ അവസാനിക്കും.
അടുത്തയിടക്കുണ്ടായ കലാപത്തെത്തുടർന്ന് വാഷിംഗ്ടൺ ഡി.സിയിൽ ഉയർന്നിട്ടുള്ള അക്രമ ഭീഷണി കാരണം, രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് പോകരുതെന്ന് അമേരിക്കൻ ജനങ്ങളോട് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണൽ മാളും വാഷിംഗ്ടൺ സ്മാരകവും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. സുരക്ഷ വർധിപ്പിക്കുന്നതിനായി 20,000 ത്തിലധികം സൈനികരെ വിന്യസിച്ചിരിക്കുന്നതിനാൽ പരിപാടിയിലും നഗരത്തിലുടനീളവും ഒരു വലിയ ദേശീയ ഗാർഡ് സാന്നിധ്യമുണ്ടാകും. ചരിത്രത്തിലാദ്യമായി ഒരു വിർച്യുൽ സത്യപ്രതിജ്ഞാ ചടങ്ങു നാളെ അമേരിക്കയിൽ നടക്കും.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. "എന്നോട് ഈ ചോദ്യം ചോദിച്ചവരോടായി പറയുന്നു, ഞാൻ ചടങ്ങിൽ പങ്കെടുക്കില്ല" ട്രംപ് നേരത്തെ തന്നെ ട്വിറ്റർ വഴി ഈ വിവരം അറിയിച്ചിരുന്നു. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കുമ്പോൾ ട്രംപ് ഫ്ലോറിഡ യാത്രയിൽ ആയിരിക്കും. എന്നാൽ ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് പെൻസ് ചടങ്ങിൽ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്.
അമേരിക്കൻ ചരിത്രത്തിൽ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാത്ത നാലാമത്തെ പ്രസിഡന്റായിരിക്കും ട്രംപ്. 1801 ൽ തോമസ് ജെഫേഴ്സന്റെ ഉദ്ഘാടനച്ചടങ്ങ് ജോൺ ആഡംസും 1829ൽ ആൻഡ്രൂ ജാക്സന്റെ ഉദ്ഘാടനച്ചടങ്ങ് ജോൺ ക്വിൻസി ആഡംസും 1869 ൽ യൂലിസ്സസ് എസ്. ഗ്രാന്റിന്റെ ഉദ്ഘാടനച്ചടങ്ങ് ആൻഡ്രൂ ജോൺസണും ആണ് ഇതിനുമുൻപ് 'ബോയ്കോട് ' ചെയ്തത്.