തിരുവനന്തപുരം: അന്തരിച്ച മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന കെ.എം. മാണിയുടെ ' ആത്മകഥ 'യുടെ പ്രകാശനം നാളെ വൈകിട്ട് 3.30 ന് നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
500 ഓളം പേജുകളുള്ള പുസ്തകത്തില്‍ കുട്ടിക്കാലം മുതല്‍ ബാര്‍ കോഴ വിവാദം വരെയുള്ള നിരവധി അധ്യായങ്ങളുണ്ട്. 54 വര്‍ഷം പാലാ നിയോജക മണ്ഡലത്തെ തുടര്‍ച്ചയായി നിയമസഭയില്‍ പ്രതിനിധീകരിച്ച കെ.എം. മാണിയുടെ ആത്മകഥ കേരള രാഷ്ട്രീയത്തിന്റെ ഒരു കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ആദ്യപ്രതി സ്വീകരിക്കും. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. അധ്യക്ഷനായിരിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാര്‍, ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.