തിരുവനന്തപുരം: ഇന്ത്യയെ വരും കാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവര്‍ത്തിച്ചുറപ്പിക്കേണ്ട സന്ദര്‍ഭമാണ് ഈ റിപ്പബ്ലിക് ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്.
ആ മൂല്യങ്ങളുടെ നിലനില്‍പ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമര്‍പ്പണമാണ് ഈ റിപ്പബ്ലിക്ക് ദിനത്തില്‍ നമുക്ക് അവര്‍ത്തിച്ചുറപ്പിക്കാനുള്ളത്. ഏത് ഭേദചിന്തകള്‍ക്കും അതീതമായി മാനവികതയെ ഉയര്‍ത്തിപ്പിടിക്കാനും ജനമനസുകളെയാകെ കൂടുതല്‍ ഒരുമിപ്പിക്കാനും നാം കൂട്ടായി ശ്രമിക്കേണ്ടതുണ്ട്.
കേരളം ഈ റിപ്പബ്ലിക് ദിനത്തില്‍ നവ വിജ്ഞാന സമൂഹം എന്ന അവസ്ഥയിലേക്ക് പുതിയ ചുവട് കൂടി വെയ്ക്കുകയാണ്. പുതിയ തലമുറകളുടെ ആശയാഭിലാഷങ്ങള്‍ക്കനുസരിച്ച് നമ്മള്‍ കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങുകയാണ്. അതില്‍ എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തി മുന്നോട്ട് പോവുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അത് സഫലമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായി ഒരുമിച്ച് മുന്നോട്ട് നീങ്ങാമെന്നും മുഖ്യമന്ത്രി ആശംസയില്‍ കൂട്ടിച്ചേര്‍ത്തു.
ഭരണഘടന നിലവില്‍ വന്ന് ഇന്ത്യ പരമാധികാര രാഷ്ട്രമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് റിപ്പബ്ലിക് ദിനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഓര്‍മിപ്പിച്ചു. നിരവധി ധീര ദേശാഭിമാനികളുടെ ജീവന്‍ ബലി നല്‍കി നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അതിനു പിന്നാലെ നിലവില്‍ വന്ന ഭരണഘടന നല്‍കുന്ന അവകാശങ്ങളും സുരക്ഷിതത്വങ്ങളുമെല്ലാം.
അഭിമാനത്തോടെയാണ് ഈ രാജ്യവും രാജ്യത്തെ ജനങ്ങളും ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നിന്നത്. മഹാത്മജിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ഉള്‍പ്പെടെയുള്ള രാജ്യ സ്നേഹികള്‍ തെളിച്ച വഴിയിലൂടെ ഈ രാജ്യം ഏറെ മുന്നേറിയിട്ടുണ്ട്. നാനാത്വത്തിലും ഏകത്വം ദര്‍ശിക്കാന്‍ രാജ്യത്തെ ഒന്നാകെ ശീലിപ്പിച്ചു എന്നതായിരുന്നു ഈ രാജ്യത്തിന്റെ സൗന്ദര്യം. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വെറുപ്പും വിദ്വേഷവും വളര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ ഭരണകൂടമാണ് ഇന്ത്യയുടെ വര്‍ത്തമാന യാഥാര്‍ത്ഥ്യമെന്നും അദേഹം കുറ്റപ്പെടുത്തി.
വര്‍ഗീയത വളര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ടെന്നും രാജ്യത്തിന് വേണ്ടി അത്തമൊരു പ്രതിജ്ഞ പുതുക്കാനുള്ള ദിനമാകട്ടെ ഇത്തവണത്തെ റിപ്പബ്ലിക് ദിനമെന്നും അദേഹം ആശംസിച്ചു.