സംസ്ഥാനത്തെ നദികളില്‍ നിന്ന് ഇനി മണല്‍ വാരാം; അനുമതി 10 വര്‍ഷത്തെ നിരോധനത്തിന് ശേഷം

 സംസ്ഥാനത്തെ നദികളില്‍ നിന്ന് ഇനി മണല്‍ വാരാം; അനുമതി 10 വര്‍ഷത്തെ നിരോധനത്തിന് ശേഷം

തിരുവനന്തപുരം: പത്ത് വര്‍ഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ അനുമതി. മാര്‍ച്ച് മുതല്‍ അനുമതി നല്‍കും. റവന്യു സെക്രട്ടേറിയറ്റാണ് മണല്‍ വാരല്‍ നിരോധനം നീക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി പുഴകളില്‍ നിന്നുള്ള മണല്‍വാരല്‍ മുടങ്ങി കിടക്കുകയായിരുന്നു.

ഓഡിറ്റ് നടത്തിയതില്‍ 17 നദികളില്‍ നിന്ന് മണല്‍വാരാമെന്ന് കണ്ടെത്തി. ഈ നദികളില്‍ വന്‍ തോതില്‍ മണല്‍ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍. അനുമതി നല്‍കുന്നതിലൂടെ അനധികൃത മണല്‍ വാരല്‍ നിയന്ത്രിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ വാദം.

അതേസമയം എല്ലാ നദികളില്‍ നിന്നും മണല്‍ വാരാന്‍ അനുമതിയുണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേരളത്തിലെ നദികളിലെ സാന്‍ഡ് ഓഡിറ്റ് പൂര്‍ത്തിയാക്കിയ ശേഷം കേന്ദ്ര നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ട് തയാറാക്കി അനുവദനീയമായ നദികളില്‍ നിന്ന് മാത്രം മണല്‍ വാരാന്‍ അനുമതി നല്‍കാനാണ് ആലോചന.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി 2001 ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് റിവര്‍ ബാങ്ക്സ് ആന്‍ഡ് റഗുലേഷന്‍ ഓഫ് റിമൂവല്‍ ഓഫ് സാന്‍ഡ് ആക്ട് ഭേദഗതി ചെയ്താണ് മണല്‍ വാരല്‍ പുനരാരംഭിക്കാനുള്ള തീരുമാനം എടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.