കൊല്ലം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് കൊല്ലം നിലമേലില്‍ റോഡരികിലിരുന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെ ഗവര്‍ണര്‍ക്ക് സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും ഗവര്‍ണറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഗവര്‍ണറെ ഫോണില്‍ വിളിച്ചതാണാണ് വിവരം.
റോഡരികിലിരുന്നുള്ള പ്രതിഷേധത്തിനിടെ തന്നെ കേന്ദ്ര അഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെയും പ്രധാനമന്ത്രിയുടെ ഓഫിസിനെയും വിളിച്ച് ഗവര്‍ണര്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടല്‍. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍ കേന്ദ്രത്തിന് രാജ്ഭവന്‍ കൈമാറി. സംഭവത്തെപ്പറ്റി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
അതിനിടെ ഗവര്‍ണറുടെ നടപടികള്‍ കേന്ദ്ര നിര്‍ദേശ പ്രകാരമാണെന്ന ആരോപണവുമായി മന്ത്രി എം.ബി രാജേഷ് രംഗത്തെത്തി. ശിശു സഹജമായ അദേഹത്തിന്റെ കൗതുകങ്ങളോ വാശിയോ മാത്രമായി ഇതിനെ കാണാനാവില്ല.
കാരണം പ്രതിഷേധത്തിന് തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രതികരണം വന്നു. ഗവര്‍ണറുടെ പ്രകടനത്തിന് കേന്ദ്ര മന്ത്രിയുടെ പക്കമേളം തൊട്ടു പിന്നാലെ വരുമ്പോള്‍ അതു കാണിക്കുന്നത് വിപുലമായ രാഷ്ട്രീയ അജന്‍ഡയാണന്നും അദേഹം പറഞ്ഞു.
കൊല്ലം നിലമേലില്‍ തനിക്കു നേരെ കരിങ്കൊടി കാണിക്കുകയും കാറില്‍ ഇടിക്കുകയും ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാത്തതിലാണ് കാറില്‍ നിന്നിറങ്ങി റോഡരികിലെ കടയുടെ മുന്നില്‍ കസേരയിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതിഷേധിച്ചത്.
പൊലീസിനെ രൂക്ഷ ഭാഷയില്‍ ശകാരിക്കുകയും ചെയ്തു. പിന്നീട് 17 പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിന്റെ എഫ്‌ഐആര്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ട ശേഷമാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.