റിപ്പബ്ലിക്ക് ദിന പരിപാടി: നല്‍കിയ നിര്‍ദേശം ലംഘിച്ചതിനാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഹൈക്കോടതി

റിപ്പബ്ലിക്ക് ദിന പരിപാടി: നല്‍കിയ നിര്‍ദേശം ലംഘിച്ചതിനാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയ ഐക്യത്തിന്റെ സന്ദേശം നല്‍കുന്നതും ദേശീയോദ്ഗ്രഥനത്തിന്റെ അടിസ്ഥാനത്തിലുള്ളതും ആയിരിക്കണം റിപ്പബ്ലിക്ക് ദിന പരിപാടികള്‍ എന്ന നിര്‍ദേശം ലംഘിച്ച ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് ഹൈക്കോടതി.

റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ചുള്ള പരിപാടികള്‍ ദേശീയോദ്ഗ്രഥനത്തെ അടിസ്ഥാനമാക്കിയുള്ളതും ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതുമായിരിക്കണമെന്ന് ചുമതലക്കാര്‍
കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ച് നാടകത്തില്‍ പങ്കെടുത്തവര്‍ക്കെതിരായി അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതായി ഹൈക്കോടതി വ്യക്തമാക്കി.

ഇന്ന് പുറത്തിക്കിയ വാര്‍ത്താക്കുറിപ്പിലാണ് സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിച്ചതിന്റെ കാരണങ്ങള്‍ വിശദമാക്കിയത്. അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.എ സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എം സുധീഷ് എന്നിവരെയാണ് കോടതി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് റജിസ്ട്രാറെയും ചുമതലപ്പെടുത്തി.

റിപ്പബ്ലിക് ദിനത്തില്‍ ഹൈക്കോടതിയില്‍ അവതരിപ്പിച്ച നാടകത്തില്‍ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര സര്‍ക്കാരിനെ പരിഹസിക്കുന്നതും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് നാടകത്തിന്റെ ഉള്ളടക്കമെന്നാരോപിച്ച് എറണാകുളത്തെ ലീഗല്‍ സെല്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.