വാഷിങ്ടണ്‍: അമേരിക്കയുടെ 46ാംമത്തെ പ്രസിഡണ്ടായി ഇന്ന് രാത്രി ഇന്ത്യൻ സമയം 10.30 ന് ജോ ബൈഡൻ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുമ്പോൾ, കമല ഹാരിസും വൈസ് പ്രെസിഡന്റായി സത്യ പ്രതിജ്ഞ ചെയ്യും. കൂടാതെ, അദ്ദേഹത്തോടൊപ്പം ധാരാളം ഇന്ത്യൻ വംശജരും എത്തുന്നു. ചരിത്രത്തിലാദ്യമായി 20 ഇന്ത്യന്‍ വംശജര്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗമാകുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കമലാ ഹാരിസിന് പിന്നാലെ തെരഞ്ഞെടുത്തത് നീര ടാന്‍ഡനെയായിരുന്നു. വൈറ്റ് ഹൗസിലെ സാമ്പത്തിക വിഭാഗത്തില്‍ ബജറ്റ് ഡയറക്ടറായിട്ടാണ് നീരയെ തെരഞ്ഞെടുത്തിരിക്കുന്നത്. ബജറ്റ് ഡയറക്ടറാകുന്ന ആദ്യത്തെ വെളുത്ത വര്‍ഗക്കാരിയല്ലാത്ത വ്യക്തിയാകും നീര ടാന്‍ഡന്‍. ഡോ. വിവേക് എച്ച് മൂര്‍ത്തിയാണ് യുഎസ് സര്‍ജന്‍ ജനറൽ. ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി സബ്രീന സിങ്ങിനെയും അസോസിയേറ്റ് അറ്റോര്‍ണി ജനറലായി വനിത ഗുപ്തയെയും നിയമിച്ചു.
അയിഷ ഷാ ഡിജിറ്റല്‍ ടീമിലെ സീനിയര്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു ഇന്ത്യന്‍ വംശജയാണ്. വൈറ്റ് ഹൗസ് ഓഫീസ് ഡിജിറ്റല്‍ സ്ട്രാടജിയില്‍ പാര്‍ട്ണര്‍ഷിപ് മാനേജര്‍ ആയി ഷായെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോബ് ഫ്ലാഹെര്‍ടി ആണ് ഡിജിറ്റല്‍ സ്ട്രാടജിയുടെ ഡയറക്ടര്‍. ഗൗതം രാഘവനാണ് പ്രസിഡന്‍ഷ്യല്‍ പേഴ്‌സണല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍. ഭാരത് രാമമൂര്‍ത്തിയാണ് ദേശീയ സാമ്പത്തിക കൗണ്‍സിലിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍.
സ്പീച്ച് റൈറ്റിംഗ് ഡയറക്ടര്‍ ആയി നിയമനം ലഭിച്ചത് ഇന്ത്യന്‍ വംശജനായ വിനയ് റെഡ്ഡിയെ ആണ്. തരുണ്‍ ചബ്ര, ശാന്തി കളത്തില്‍ എന്നിവരും ജോ ബൈഡന്‍റെ വൈറ്റ്ഹൗസ് സംഘത്തിലെ അംഗങ്ങളാണ്. തരുണ്‍ ചബ്രക്ക് ടെക്നോളജി ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി സീനിയര്‍ ഡയറക്ടര്‍, ശാന്തി കളത്തില്‍ ഡെമോക്രസി-ഹ്യൂമന്‍ റൈറ്റ്സ് കോര്‍ഡിനേറ്റര്‍ എന്നീ ചുമതലകളാണ് നല്‍കിയിട്ടുള്ളത്. സുമോന ഗുഹയ്ക്ക് സൗത്ത് ഏഷ്യ സീനിയര്‍ ഡയറക്ടര്‍ പദവിയാണ് നല്‍കിയിരിക്കുന്നത്. ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ദക്ഷിണേഷ്യയുടെ സീനിയര്‍ ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിക്കും. അസിസ്റ്റന്റ് പ്രസ് സെക്രട്ടറി ആയി ചുമതല ഏൽക്കുന്നത് വേദാന്ത് പട്ടേലാണ്.