മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡയുടെ മരണ വാര്‍ത്ത വ്യാജമെന്ന് നടി. സെര്‍വിക്കല്‍ കാന്‍സര്‍ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് വിശദീകരണം. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് നടി വ്യാജ വാര്‍ത്തയില്‍ വിശദീകരണവുമായി രംഗെത്തിയത്.
ഇവരുടെ മുന്‍ ഭര്‍ത്താവ് സാം ബോംബേയും നടിയുടെ മരണ വാര്‍ത്ത തട്ടിപ്പായിരിക്കുമെന്ന് പറഞ്ഞു രംഗത്ത് എത്തിയിരുന്നു. അതേസമയം നടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് നടി മരണം വ്യാജമായി ചിത്രീകരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. നടിയുടെ ബോഡിഗാര്‍ഡ് താരത്തിന്റെ മരണം സത്യമായിരിക്കില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. മുംബൈയിലെ ഫിനിക്‌സ് മാളില്‍ ജനുവരി 31 ന് ഒരു ഫോട്ടോഷൂട്ട് നടന്നിരുന്നവെന്നും അന്ന് നടിക്ക് ഒരു ബുദ്ധിമുട്ടുകളുമുണ്ടായിരുന്നില്ലെന്നാണ് അമിന്‍ ഖാന്‍ പറഞ്ഞത്.
എന്നാല്‍ കമാല്‍ ആര്‍ ഖാനടക്കം നടിയുടെ മരണ വിവരം തള്ളി രംഗത്തെത്തിയിരുന്നു. ആളുകളെ കബളിപ്പിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും പറഞ്ഞിരുന്നു. വിയോഗം സ്ഥിരീകരിച്ച നടിയുടെ സഹോദരിയുടെ കുടുംബവും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്തതും ഒളിവില്‍ പോയതും ദുരൂഹത വര്‍ധിപ്പിച്ചിരുന്നു.