കൊച്ചി: ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിര്‍മാതാക്കളുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ അറിയിച്ചു.
തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷമേ ഒടിടിയില്‍ നല്‍കൂ എന്ന ധാരണ നിര്‍മാതാക്കള്‍ ലംഘിക്കുന്നുവെന്നും ആ കാലാവധിക്ക് മുന്‍പ് സിനിമകള്‍ ഒടിടിയില്‍ നല്‍കുന്നുവെന്നുമാണ് തിയേറ്റര്‍ ഉടമകളുടെ പ്രധാന പരാതി. ബുധനാഴ്ചയ്ക്കകം ഈ പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ മലയാള ചിത്രങ്ങളുടെ റിലീസ് നിര്‍ത്തിവയ്ക്കുമെന്ന് ഫിയോക് അറിയിച്ചു.
സിനിമ തിയേറ്ററുകളില്‍ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയില്‍ നിലനിര്‍ത്തുക, കരാര്‍ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സിനിമകള്‍ നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഫിയോക് നിര്‍മാതാക്കള്‍ക്ക് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ഇതിനോട് നിര്‍മാതാക്കള്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നടപടി.