ജോ ബൈഡന്റെ ഭരണ സമിതിയില്‍ നിന്നും ആര്‍എസ്എസ്-ബിജെപി ബന്ധമുള്ളവര്‍ തെറിച്ചു; തീരുമാനം മതേതര സംഘടനകളുടെ ആവശ്യം മാനിച്ച്

ജോ ബൈഡന്റെ ഭരണ സമിതിയില്‍ നിന്നും  ആര്‍എസ്എസ്-ബിജെപി ബന്ധമുള്ളവര്‍ തെറിച്ചു;  തീരുമാനം മതേതര സംഘടനകളുടെ ആവശ്യം മാനിച്ച്

വാഷിങ്ടണ്‍: പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണ സമിതിയില്‍ നിന്ന് ആര്‍എസ്എസ്-ബിജെപി ബന്ധമുള്ള ഡെമോക്രാറ്റുകള്‍ തെറിച്ചു. ബൈഡന്റെ ഭരണകൈമാറ്റ ടീമിനോട് സംഘപരിവാര്‍ ബന്ധമുള്ളവരെ ഒഴിവാക്കണമെന്ന് മത നിരപേക്ഷ ഇന്ത്യന്‍-അമേരിക്കന്‍ സംഘടനകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ഇതുവരെ തന്റെ ഭരണ സമിതിയില്‍ 13 സ്ത്രീകള്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍-അമേരിക്കക്കാരെ ബൈഡന്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ ആര്‍എസ്എസ്-ബിജെപി ബന്ധമുള്ള സൊണാല്‍ ഷാ, അമിത് ജാനി എന്നിവരാണ് ബൈഡന്‍ ഭരണസമിതിയില്‍ നിന്നും പുറത്തായിരിക്കുന്നതെന്ന് ഇന്ത്യന്‍ മാധ്യമമായ 'ദ ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍എസ്എസ്, ബിജെപി ബന്ധമുള്ളവരാണ് ഇരുവരുമെന്നും പത്രം പറയുന്നു.

ബൈഡന്റെ യൂണിറ്റി ടാസ്‌ക് ഫോഴ്‌സില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സൊണാല്‍, 'ഓവര്‍സീസ് ഫ്രണ്ട്‌സ് ഒഫ് ബിജെപി-യുഎസ്എ' എന്ന സംഘടനയുടെ അദ്ധ്യക്ഷ കൂടിയായിരുന്നു. ആര്‍എസ്എസ് നടത്തുന്ന 'ഏകാല്‍ വിദ്യാലയ'യുടെ സ്ഥാപക കൂടിയായ അവര്‍ അതിനായി ഫണ്ടുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അമിത് ജാനിക്കാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും പ്രധാന ബിജെപി നേതാക്കളുമായും ബന്ധമുണ്ട്. തിരഞ്ഞെടുക്കപ്പെട്ടത് പശ്ചാത്തലം വേണ്ട വിധം പരിശോധിക്കാതെയാണ് എന്ന കാരണത്താലാണ് ജാനി ഇപ്പോള്‍ ഒഴിവാക്കപ്പെട്ടതെന്നാണ് വിവരം. 'നെയിം ബൈഡന്‍' ക്യാംപെയിനിന്റെ 'മുസ്ലിം ഔട്ട്‌റീച്ച്' കോര്‍ഡിനേറ്ററായിരുന്നു അമിത് ജാനി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.