തിരുവനന്തപുരം: വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനത്തിനായി സര്‍ക്കാര്‍ നല്‍കിയ മൂന്ന് പേരുടെ പട്ടിക ഗവര്‍ണര്‍ തിരിച്ചയച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഗവര്‍ണറുടെ വിശദീകരണം.
ഡോ. സോണിച്ചന്‍ പി. ജോസഫ്, എം.ശ്രീകുമാര്‍, ടി.കെ രാമകൃഷ്ണന്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇതിലൊരാള്‍ മാധ്യമ പ്രവര്‍ത്തകനും രണ്ട് പേര്‍ അധ്യാപകരുമാണ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രി പി.രാജീവ് എന്നിവരടങ്ങിയ സമിതിയാണ് വിവരാവകാശ കമ്മീഷണര്‍മാരുടെ പട്ടിക ശുപാര്‍ശ ചെയ്തത്.
52 പേരുടെ ഷോര്‍ട്ട് ലിസ്റ്റില്‍ നിന്നാണ് ഈ മൂന്നുപേരെ തിരഞ്ഞെടുത്തത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കാണിച്ചാണ് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി.
പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സാമ്പത്തിക ക്രമക്കേട് അടക്കം നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനായി ഗവര്‍ണര്‍ വിജിലന്‍സ് ക്ലിയറന്‍സും നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ മുഖ്യവിവരാവകാശ കമ്മീഷണറായി ബി. ഹരി നായരെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.