ഫൈന്‍ തുകയില്ലാത്ത ചെല്ലാനുകള്‍ തീര്‍പ്പ് കല്‍പ്പിക്കുക അത്ര ഫൈന്‍ ആയ കാര്യമല്ല; മുന്നറിയിപ്പുമായി എംവിഡി

ഫൈന്‍ തുകയില്ലാത്ത ചെല്ലാനുകള്‍ തീര്‍പ്പ് കല്‍പ്പിക്കുക അത്ര ഫൈന്‍ ആയ കാര്യമല്ല; മുന്നറിയിപ്പുമായി എംവിഡി

കൊച്ചി: ഫൈന്‍ തുകയില്ലാത്ത ചെല്ലാനുകള്‍ തീര്‍പ്പ് കല്‍പ്പിക്കുക അത്ര ഫൈന്‍ ആയ കാര്യമല്ലെന്ന് മേട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ഇല്ലാത്ത ചെല്ലാന്‍ ചിലപ്പോഴെങ്കിലും നിങ്ങള്‍ക്ക് ലഭിക്കാം. ചെല്ലാനുകളില്‍ ഫൈന്‍ അടക്കേണ്ട തുക പൂജ്യം എന്ന് കാണുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. അത്തരം ചെല്ലാനുകള്‍ ചെറിയ ഫൈനുകള്‍ അടച്ച് തീര്‍പ്പാക്കാന്‍ കഴിയുന്നവയല്ല.

അത്തരം നിയമ ലംഘനങ്ങള്‍ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളവയാലും കോടതി നടപടി ക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാധ്യമാവുകയുള്ളു.

കൂടുതല്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴ തുക അടച്ച് വിടുതല്‍ ചെയ്യാവുന്ന ലംഘനങ്ങളുമല്ല. അതിനായി കോടതികളില്‍ വിശദമായ കുറ്റവിചാരണ നടത്തി ഒരു ജഡ്ജിന് മാത്രമേ ശിക്ഷാവിധി തീരുമാനിക്കാന്‍ സാധിക്കുകയുള്ളു.

പ്രധാനമായും ട്രാഫിക് സിഗ്‌നലുകള്‍ ഉള്ള ജങ്ഷനുകളില്‍ നാം പതിവായി കാണുന്ന കാഴ്ചയാണ് വാഹനം നിര്‍ത്താനുള്ള ചുവപ്പ് സിഗ്‌നല്‍ ലൈറ്റ് കത്തിയതിന് ശേഷവും വാഹനം സ്റ്റോപ്പ് ലൈനും (സീബ്ര ക്രോസ്സിങിന് മുന്‍പായി വാഹനം നിര്‍ത്താന്‍ സൂചിപ്പിക്കുന്ന വരകള്‍) കടന്ന് കാല്‍നട യാത്രികര്‍ക്ക് റോഡ് മുറിച്ച് കടക്കേണ്ട സീബ്ര ലൈനുകളില്‍ നിര്‍ത്തിയിടുന്നത്.

ട്രാഫിക് സിഗ്‌നലുകളിലെ ഇത്തരം നിയമ ലംഘനങ്ങള്‍ ഇ ചെല്ലാന്‍ ചെയ്യപ്പെടുന്നതാണ്. അത്തരം ഇ ചെല്ലാന്‍ ലഭിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രസ്തുത ആര്‍ടിഒ എന്‍ഫോഴ്സ്മെന്റിനെ ബന്ധപെടുകയോ അല്ലെങ്കില്‍ കോടതി മുഖാന്തരമുള്ള നടപടി ക്രമങ്ങള്‍ക്കായി കാത്തിരിക്കുകയോ ചെയ്യുക.

അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയോ, ലെയ്ന്‍ ട്രാഫിക് പാലിക്കാതെ വാഹനമോടിക്കുകയോ, ട്രാഫിക് സിഗ്‌നലുകളിലും റൗണ്ട് എബൗട്ടുകളിലും നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുകയോ അപകടകരമായ രീതിയില്‍ ഓവര്‍ടേക്കിങ് ചെയ്യുകയോ വാഹന ഗതാഗതം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വാഹനമോടിക്കുകയോ ചെയ്താലും സുഗമമായ വാഹന ഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയില്‍ വാഹനം ഓടിക്കുകയോ ചെയ്താലും മേല്‍പറഞ്ഞ ശിക്ഷാ വിധികള്‍ തന്നെയായിരിക്കും.

അതിനാല്‍ ഫൈന്‍ തുകയില്ലാത്ത ചെല്ലാനുകള്‍ തീര്‍പ്പ് കല്‍പ്പിക്കുക അത്ര ഫൈന്‍ ആയ കാര്യമല്ലെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞാണ് ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.