'ആര്‍ക്ക് വേണ്ടി ടി.പിയെ കൊന്നു?; പ്രതികള്‍ക്ക് മാനസാന്തരമില്ല': വധ ശിക്ഷയില്ലാതെ നീതി നടപ്പാകില്ലെന്ന് പ്രോസിക്യൂഷന്‍

'ആര്‍ക്ക് വേണ്ടി ടി.പിയെ കൊന്നു?; പ്രതികള്‍ക്ക് മാനസാന്തരമില്ല': വധ ശിക്ഷയില്ലാതെ നീതി നടപ്പാകില്ലെന്ന് പ്രോസിക്യൂഷന്‍

ടിപി കേസ് പ്രതികളെ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍.

കൊച്ചി: ആര്‍എംപി സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് നല്‍കിയ ജീവപര്യന്തം ശിക്ഷ അപര്യാപ്തമെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍.

ടി.പി ചന്ദ്രശേഖരന്റേത് പെട്ടെന്നുണ്ടായ വികാരത്തിന് പുറത്തുണ്ടായ കൊലപാതകമല്ല. വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയും വൈരാഗ്യവും ഇതിനു പിന്നിലുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഒരാളുടെ മാത്രം ബുദ്ധിയില്‍ ആലോചിച്ച് നടപ്പാക്കിയതല്ല ടിപി ചന്ദ്രശേഖരന്റെ വധം. നടന്നത് അതിക്രൂരമായ കൊലപാതകമാണ്. ആസൂത്രിതമായി നടപ്പാക്കിയതാണിത്. ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി ടിപിയെ കൊന്നു എന്നത് പ്രധാന ചോദ്യമാണ്.

ചെറുതാണെങ്കിലും ടിപിയുടെ പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടത് കൊലപാതകത്തിന് കാരണമായി. വധശിക്ഷയില്ലാതെ നീതി നടപ്പാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന പ്രോസിക്യൂഷന്റെയും ടിപിയുടെ വിധവ കെ.കെ രമയുടേയും ഹര്‍ജികളിലാണ് ഹൈക്കോടതിയില്‍ വാദം നടക്കുന്നത്.

ജീവപര്യന്തം ശിക്ഷ വധശിക്ഷയായി ഉയര്‍ത്താന്‍ സാഹചര്യമുണ്ടോയെന്ന് വാദത്തിനിടെ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

എന്തുകൊണ്ടാണ് പ്രായമുള്ള പ്രതികള്‍ക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. പ്രതികള്‍ക്ക് മാനസാന്തരത്തിന് സാധ്യതയില്ലേയെന്നും കോടതി ആരാഞ്ഞു.

കെ.കെ കൃഷ്ണന്റെ പ്രസംഗം നടപ്പാക്കുകയാണ് പ്രതികള്‍ ചെയ്തത്. നടന്നത് ആസൂത്രിതവും അതിക്രൂരവുമായ കൊലപാതകമാണ്. ശിക്ഷ അനുഭവിക്കുമ്പോഴും ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍ക്കെതിരെ കേസുകളുണ്ടായിട്ടുണ്ട്. പ്രതികള്‍ മാനസാന്തരപ്പെടാനുള്ള ഒരു സാധ്യതയുമില്ലെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

ടിപി വധക്കേസിലെ പ്രതികളായ എം.സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ .ഷിനോജ്, കെ.സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി.കെ കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്ക് ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപന് മൂന്നു വര്‍ഷം കഠിന തടവുമാണ് വിചാരണക്കോടതി 2014ല്‍ ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ പി കെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.