തിരുവനന്തപുരം: റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ കേന്ദ്രം നല്‍കിയ മോഡി ചിത്രമുള്ള മിനി ഫ്‌ളെക്സും സെല്‍ഫി പോയിന്റ് കട്ടൗട്ടുകളും ഏറ്റെടുക്കാതെ സപ്ലൈകോ. ഇവ എത്രയും വേഗം ഏറ്റെടുത്ത് റേഷന്‍ കടകളില്‍ എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് എഫ്.സി.ഐ ഡിവിഷണല്‍ മാനേജര്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
അതേസമയം പൊതുവിതരണ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചാലേ ഏറ്റെടുക്കുകയുള്ളുവെന്നാണ് സപ്ലൈകോ നിലപാട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടക്കിയതോടെയാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ കേന്ദ്രം നല്‍കിയ മോഡി ചിത്രമുള്ള മിനി ഫ്‌ളെക്സും സെല്‍ഫി പോയിന്റ് കട്ടൗട്ടുകളും ജില്ലയിലെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഉന്ത്യയുടെ (എഫ്.സി.ഐ) ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ഹരിയാനയില്‍ നിന്നുള്ള പ്രത്യേക ട്രക്കില്‍ എഫ്.സി.ഐ ഗോഡൗണുകളിലേയ്ക്ക് സാധനങ്ങള്‍ എത്തിച്ചത്.
ഭക്ഷ്യസുരക്ഷയെ കുറിച്ച് ബോധവല്‍കരണം നല്‍കണമെന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഗരീബ് കല്ല്യാണ്‍ അന്നയോജന ലോഗോ, പ്രധാനമന്ത്രിയുടെ ചിത്രം, മോഡിയുടെ ഗ്യാരന്റി-ഏവര്‍ക്കും ഭക്ഷണം, പോഷക സമൃദ്ധമായ സമൂഹം എന്നിവ ഉള്‍ക്കൊള്ളിച്ച ഫ്ളക്സ് എത്തിച്ചത്. മോഡിയുടെ ചിരിച്ച മുഖത്തോട് കൂടിയുള്ളതാണ് സെല്‍ഫി കട്ടൗട്ടുകള്‍.
20 കോടി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്രം സൗജന്യമായി നല്‍കുന്ന റേഷന്‍ വിഹിതത്തെക്കുറിച്ച് ബോധവല്‍കരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സെക്രട്ടറിക്ക് കേന്ദ്രം കഴിഞ്ഞ മാസം കത്തും നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ചും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അധികം കച്ചവടം നടക്കുന്ന റേഷന്‍കടകള്‍ക്ക് മുന്നില്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കണം. ഫ്ളക്സും സെല്‍ഫി പോയിന്റും സ്ഥാപിച്ച ശേഷം റേഷന്‍കടകളുടെ ചിത്രം കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന് അയച്ചു നല്‍കണമെന്നുമാണ് കേന്ദ്ര നിര്‍ദേശം. കൂടാതെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ സാധനങ്ങള്‍ കൊണ്ടുപോകാന്‍ സൗജന്യമായി തുണിസഞ്ചി. ഈ സഞ്ചിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുദ്രയും മോഡിയുടെ ചിത്രവും ഉണ്ടാകും. ഈ കവറുകള്‍ ഉടന്‍ റേഷന്‍കടളകിലെത്തുമെന്നാണ് വിവരം.