റിലയന്‍സും ഡിസ്നിയും കൈകോര്‍ക്കുന്നു; തലപ്പത്തേക്ക് നിതാ അംബാനി എത്തുമെന്ന് സൂചന

റിലയന്‍സും  ഡിസ്നിയും  കൈകോര്‍ക്കുന്നു; തലപ്പത്തേക്ക് നിതാ അംബാനി എത്തുമെന്ന് സൂചന

മുംബൈ: റിലയന്‍സ്-ഡിസ്നി ഇന്ത്യ ലയന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ മറ്റൊരു നിര്‍ണായക വിവരം കൂടി പുറത്തായിരിക്കുകയാണ്. റിലയന്‍സ് മീഡിയ നെറ്റ്‌വര്‍ക്കുകളും ഡിസ്നിയും ലയിക്കുമ്പോള്‍ രൂപീകരിക്കപ്പെടുന്ന പുതിയ കമ്പനിയുടെ തലപ്പത്തേക്ക് നിതാ അംബാനി ചുമതലയേല്‍ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഇത് സംബന്ധിച്ചുളള പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ നിന്നും ഒഴിവായതിന് പിന്നാലെയാണ് വീണ്ടും നിര്‍ണായക ചുമതലയിലേക്ക് നിതാ അംബാനി എത്തുന്നത്. നിലവില്‍ റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണാണ് നിതാ. റിലയന്‍സിനും ഡിസ്നിക്കുമായി ഇന്ത്യയില്‍ 100 ഓളം ടെലിവിഷന്‍ ചാനലുകളാണുള്ളത്. ലയിച്ച ശേഷം രൂപീകരിക്കുന്ന കമ്പനിയില്‍ 51 മുതല്‍ 54 ശതമാനം വരെ റിലയന്‍സിന് ഓഹരിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ലയനം യാഥാര്‍ത്ഥ്യമാകുന്നതോടെ റിലയന്‍സിന്റെ വിനോദ, വാര്‍ത്ത രംഗത്തെ ആസ്തി 28 ബില്ല്യണ്‍ ഡോളറായി മാറും. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാന്‍ ഇരു കമ്പനികളും ഇതുവരെ തയ്യാറായിട്ടില്ല. 1993 ലാണ് ഡിസ്നി ഇന്ത്യ രൂപീകരിച്ചത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കീഴില്‍ നിലവില്‍ നിരവധി ചാനലുകള്‍ പ്രവര്‍ത്തിക്കുന്നു. മലയാളിയായ മാധവന്‍ നായരാണ് കമ്പനിയുടെ പ്രസിഡന്റ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.