തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് ഒന്നിനും എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് നാലിനും ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് 26 ന് അവസാനിക്കും.
ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് 4,14,159 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 4,41,213 വിദ്യാര്‍ഥികളുമാണ് എഴുതുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായി 2017 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.
മാര്‍ച്ച് നാല് മുതല്‍ ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷയില്‍ 2,971 പരീക്ഷ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ നടപടികള്‍ ക്രമപ്രകാരം നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വകുപ്പ് തലത്തില്‍ സംസ്ഥാന, ജില്ലാതല സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.